പരമ്പരാഗത വ്യവസായമായ കയർ നിർമാണത്തിലൂടെ സ്ത്രീകൾക്ക് സ്വയംതൊഴിലും വരുമാനവും കണ്ടെത്താൻ സൗകര്യമൊരുക്കുകയാണ്  അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്. കയർ ഫെഡിന്റെയും അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ സെപ്റ്റംബർ അവസാന വാരം  പദ്ധതി തുടങ്ങും. 18നും 50നും ഇടയിൽ പ്രായമുള്ള 25 വനിതകൾക്കാണ് യൂണിറ്റുകൾ ആരംഭിക്കാൻ അവസരം. 10 ലക്ഷം രൂപ ചെലവിൽ നിർമാണത്തിന് ആവശ്യമായ റാട്ട്, മോട്ടോർ തുടങ്ങിയ സാമഗ്രികൾ സൗജന്യമായി നൽകും. പഞ്ചായത്തും കയർ ഫെഡും അഞ്ച് ലക്ഷം രൂപ വീതമാണ് ചെലവാക്കുക.
എല്ലാ വാർഡിൽ നിന്നും അപേക്ഷ ക്ഷണിക്കും. തൊഴിൽരഹിതർ, ഒരു വ്യക്തിയുടെ വരുമാനം മാത്രമുള്ള കുടുംബം, മാരക രോഗബാധിതരുള്ള കുടുംബം തുടങ്ങിയവർക്കാണ് മുൻഗണന. വീട് കേന്ദ്രീകരിച്ചാവും ചൂടി പിരിക്കലും കയറുണ്ടാക്കലും നടത്തുക. ഇതിനായി അഞ്ചരക്കണ്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ നാളികേര സംസ്‌കരണ യൂണിറ്റിന്റെ ഭാഗമായ ചകിരി സംസ്‌കരണ യൂണിറ്റിൽ നിന്നും സംസ്‌കരിച്ച ചകിരി നാരുകൾ ലഭ്യമാക്കും. കയർ നിർമിച്ച ശേഷം വിപണി കണ്ടെത്താനും കയർ ഭൂവസ്ത്രം, മൂല്യ വർധിത കയറുൽപ്പങ്ങൾ  തുടങ്ങിയവ നിർമ്മിക്കാനും പഞ്ചായത്ത് സഹായം ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ പറഞ്ഞു.