മുറിക്കുള്ളിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ അവര്‍ പരിഭ്രാന്തരായി അലറി കരഞ്ഞു. എന്നാല്‍ സുരക്ഷിതസ്ഥാനത്തെത്തിയപ്പോള്‍ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.കുമരകം ചന്തക്കവല നസ്രത്ത് പള്ളിയുടെ സമീപത്തുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സുരക്ഷാ കേന്ദ്രമായ സംരക്ഷയിലെ കുട്ടികളും സിസ്റ്റേഴ്സുമാണ് അപ്രതീക്ഷിതമായി സംഭവിച്ച വെള്ളപ്പൊക്കത്തില്‍ പരിഭ്രാന്തരായത്. ഇന്നലെ രാവിലെയോടെയാണ് ജില്ലാ കളക്ടര്‍ക്ക് ഈ കേന്ദ്രത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കുന്നത്. ജില്ലാ കളക്ടര്‍ ദൗത്യം ഡി.എം.ഒ യെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും ഏല്‍പ്പിച്ചു. ഡി.എം.ഒയുടെ സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ബസില്‍ ചെന്നെങ്കിലും വലിയ ലോറികള്‍ക്ക് മാത്രം എത്തിപ്പെടാവുന്ന അവസ്ഥയായിരുന്നു അവിടെ. സ്ത്രീകള്‍ മാത്രമുള്ള കേന്ദ്രത്തില്‍ 17 അന്തേവാസികളും നാല് സിസ്റ്റേഴ്സുമാണ് ഉണ്ടായിരുന്നത്. പതിനൊന്നു മുതല്‍ അന്‍പത്തിനാല് വയസ് വരെ പ്രായമുള്ളവരാണ് അന്തേവാസികള്‍.
മൂലേടത്തെ ആദ്യത്തെ ഹോമില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് ഒരു സ്വകാര്യ വ്യക്തി നല്കിയ സ്ഥലത്ത് പുതിയ ഹോം നിര്‍മ്മിച്ചു. വെള്ളം കയറാത്ത പുതിയ ഹോമില്‍ വെള്ളം കയറിയതോടെ എല്ലാവരും പരിഭ്രാന്തരായി. എന്നും സഹായത്തിനെത്തുന്ന ബാബുവിനെയാണ് ആദ്യം സംരക്ഷയുടെ ചുമതലയുള്ള സിസ്റ്റര്‍ ട്രീസ വിളിക്കുന്നത്. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ചെറിയ വാഹനങ്ങള്‍ക്ക് അങ്ങോട്ട് കടന്നു പോകാന്‍ ഏറെ പ്രയാസമായിരുന്നു. പ്രായമുള്ളവരെയും അസുഖ ബാധിതരെയും സാധാരണയുള്ള ഒരു വലിയ വാഹനത്തില്‍ കൊണ്ടുപോകാന്‍ വളരെ പ്രയാസമായിരുന്നു. പിന്നീട് സന്നദ്ധ സംഘടനയുടെ ആനയെ കൊണ്ടു പോകുന്ന വാഹനത്തിലാണ് ഇവരെ തിരുനക്കരയില്‍ എത്തിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് അവരെ വാഹനത്തിലേക്ക് കയറ്റിയതും ഇറക്കിയതും. ആ ഒരു വലിയ വാഹനത്തില്‍ അവര്‍ക്ക് സുരക്ഷിതമായി കയറി ഇറങ്ങാനും ഇരിക്കാനും സാധിച്ചു. ചുറ്റും കൂടിയവരെ കണ്ടതോടെ ഓരോരുത്തരും പേടിച്ചു. ബാബു ചേട്ടന്റെ കൈയില്‍ മുറുക്കി പിടിച്ചും പരസ്പരം പേടിക്കണ്ട എന്ന് പറഞ്ഞും സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ വാഹനത്തിലേക്ക് അവര്‍ കയറി.
അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ അവരെ മാറ്റുന്ന കറുകച്ചാല്‍ പുന്നവേലി സേക്രഡ് ഹേര്‍ട്ട് ഹോമിലേക്കാണ് ഇത്തവണയും അവരെ മാറ്റിയിരിക്കുന്നത്. പുതിയ ഹോമിലേക്ക് പോകും നേരം അവര്‍ കൈ വീശി കാണിച്ചപ്പോള്‍ മുഖത്ത് നിറഞ്ഞിരുന്നു ഞങ്ങള്‍ സുരക്ഷിതരാണ്.