തലപ്പുഴ സാന്റ മോണിക്ക പാരിഷ് ഹാളില്‍ നടന്ന തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് എ.ബി.സി.ഡി ക്യാമ്പില്‍ രണ്ടാം ദിനത്തില്‍ 750 പേര്‍ക്ക് രേഖകള്‍ സ്വന്തമായി. ബുധനാഴ്ച 445 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കിയിരുന്നു. പട്ടികവര്‍ഗ്ഗക്കാര്‍ക്കായി രേഖകള്‍ ലഭ്യമാക്കുന്ന പ്രത്യേക ക്യാമ്പില്‍ രണ്ടു ദിവസങ്ങളിലായി 16 അക്ഷയ കൗണ്ടറുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളും പ്രവര്‍ത്തിച്ചിരുന്നു. 208 ആധാര്‍ കാര്‍ഡുകള്‍, 125 റേഷന്‍ കാര്‍ഡുകള്‍, 156 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 78 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, 46 ബാങ്ക് അക്കൗണ്ട്, 20 ആരോഗ്യ ഇന്‍ഷുറന്‍സ് അനുബന്ധ സേവനങ്ങള്‍, 79 ഇലക്ഷന്‍ ആധാര്‍ കാര്‍ഡ് ലിങ്കിംഗ്, 218 ഡിജിലോക്കര്‍, 7 വില്ലേജ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വ്യാഴാഴ്ച നല്‍കി. ക്യാമ്പിന്റെ രണ്ടാം ദിനം മാത്രം 937 സര്‍വീസുകള്‍ നല്‍കി. ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ ഷാജു എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിക്കായിരുന്നു ക്യാമ്പിന്റെ ഏകോപന ചുമതല. വാളാട് കാരച്ചാല്‍ കോളനിയിലെ രജനിക്ക് റേഷന്‍ കാര്‍ഡും തവിഞ്ഞാല്‍ മുണ്ടിയത്ത് കോളനിയിലെ അമലേഷിന് ഐ.പി.പി ബാങ്ക് കാര്‍ഡും കളക്ടര്‍ ക്യാമ്പില്‍ വിതരണം ചെയ്തു. കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എം.എ ഹിസ്റ്ററ്റി പരീക്ഷയില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പേര്യ സ്വദേശിനി പി.എന്‍. ആതിരയെ കളക്ടര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.