അപ്രതീക്ഷിതമായെത്തിയ മഴയും റെഡ് അലര്‍ട്ടും ആശങ്ക ഉയര്‍ത്തിയെങ്കിലും ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ആവേശകരമായ തുടക്കം.
വർണ ശബളമായ ഘോഷയാത്രക്കൊടുവിൽ ചെറുതോണി ടൗണിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മുൻ മന്ത്രിയും ഉടുമ്പൻചോല എം. എൽ. എ.യുമായ എം. എം. മണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. ജി. കെ. ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ കളക്ടർ ഷീബ ജോർജ് സ്വാഗതം പറഞ്ഞു.
ഉച്ചക്ക് 2.30 ന് എൽ. ഐ.സി. ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ചെറുതോണി നഗരത്തിലൂടെ പമ്പ് ജംഗ്ഷൻ ചുറ്റി പ്രധാന വേദിക്കരികിൽ അവസാനിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാബലിയും ഭാരതാംബയും അടക്കമുള്ള പ്രച്ഛന്ന വേഷങ്ങളും പുലികളിയും അണിനിരന്ന ഘോഷയാത്രയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങൾ, ഇടുക്കി താലുക്ക് സ്വീപ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. തങ്കമണി പാറക്കടവ് ശ്രീലയം കലാസമിതി അവതരിപ്പിച്ച ചെണ്ടമേളവും അരങ്ങേറി.
ചൊവ്വാഴ്ച രാവിലെ 9.30 ന് കരിമ്പനില്‍ നിന്ന് ആരംഭിച്ച ഓണാഘോഷ വിളംബര കൂട്ടയോട്ടത്തോടെയാണ് ജില്ലാഭരണകൂടവും ഡി.ടി.പി.സിയും ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് സെപ്റ്റംബര്‍ 6 മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. എ.എസ്. പി. രാജ്പ്രസാദ് കരിമ്പന്‍ ബസ് സ്റ്റാന്‍ഡില്‍ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
കരിമ്പനില്‍ നിന്ന് ചെറുതോണിവരെയുള്ള ആറര കിലോമീറ്റര്‍ നീണ്ട കൂട്ടയോട്ടത്തില്‍ 14 പേര് പങ്കെടുത്തു. കോതമംഗലം എം. എ. കോളേജിലെ എം.എസ്. സി. വിദ്യാര്‍ത്ഥികളായ ഷെറിന് ജോസഫ്, ദേവരാജ് എന്‍. എന്നിവര്‍ കൂട്ടയോട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിമലഗിരിയില്‍ നിന്നുള്ള ജോയ്സ് ജോയ്, ചെറുതോണിയില്‍ നിന്നുള്ള ജോപോള്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി. 3001, 2001, 1001, 501 രൂപ യഥാക്രമം ജേതാക്കള്‍ക്ക് സമ്മാനം ലഭിച്ചു.
വിളംബര കൂട്ടയോട്ടത്തിനൊടുവില് രാവിലെ 10. 30ന് ചെറുതോണി ടൗണില്‍ സജ്ജമാക്കിയ ആഘോഷവേദിക്കരികില് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഓണപ്പതാക ഉയര്‍ത്തിയതോടെ ജില്ലാതല ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കമായി. കാലാവസ്ഥ പ്രതികൂലമാണെങ്കിലും കോവിഡ് കാലത്തിന് ശേഷമെത്തുന്ന ഓണം ഇക്കുറി ആഘോഷമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഇതിനാവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന് എന്നിവര്‍ ഓണാശംസയര്പ്പിച്ച് സംസാരിച്ചു. കൂട്ടയോട്ടത്തിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. ആനന്ദ് നന്ദി പറഞ്ഞു.
ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി രാത്രി എട്ടു മണിക്ക് പ്രശസ്ത ഗാനമേള ട്രൂപ്പായ ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളയും ആഘോഷത്തിന് കൊഴുപ്പാകും.
ചെറുതോണിയില്‍ “പുലിയിറങ്ങി”; ഓണാഘോഷത്തിന് മാറ്റുകൂട്ടി പുലികളി സംഘം
ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മിഴിവും താളവുമേകാന് ഇക്കുറി തൃശൂരില്‍ നിന്നുള്ള പുലികളി സംഘവുമെത്തി. 20 വര്‍ഷമായി പുലികളി രംഗത്തുള്ള പ്രശസ്തരായ കോട്ടപ്പുറം തൃശിവ പുലികളി സംഘമാണ് ചെറുതോണി ടൗണില്‍ പുലിവേഷത്തില്‍ താളത്തിനൊത്ത് ചുവടുവെച്ചത്. തൃശൂര്‍ രാജേഷിന്റെ നേതൃത്വത്തില്‍ 5 പുലികളും 5 താളക്കാരും അടങ്ങിയ പത്തംഗ സംഘമാണ് തൃശൂരില്‍ നിന്ന് മലകയറിയെത്തിയത്. സംഘത്തിലെ രാാജേഷ്, രമേശ്, സോമന്, ഋഷി, ബാബു എന്നീ പുലികളും സുഭാഷ്, രാജേഷ്, കുട്ടന്, വിനോദ്, ശ്രീജിത്ത് എന്നീ മേളക്കാരുമാണ് ഓണം ഘോഷയാത്രയില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന് നീങ്ങിയത്. ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ തുടങ്ങിയ പുലിച്ചമയമൊരുക്കല് ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ഗറില്ല പൗഡറും വാര്‍ണീഷും ചേര്‍ത്തൊരുക്കിയ വര്ണക്കൂട്ടുകള്കൊണ്ട് മണിക്കൂറുകളെടുത്താണ് ശരീരത്തില്‍ പുലിഭാവങ്ങള് തീര്‍ത്തത്. സുഭാഷും ശ്രീജിത്തുമാണ് പുലികളുടെ ശരീരത്തില്‍ വര്‍ണ വിസ്മയം തീര്‍ത്തത്. രണ്ട് വീതം വീക്കന്‍, ഉരുട്ട് ചെണ്ടകളും ഒരു ഇലത്താളവുമാണ് പുലികളുടെ ചുവടുകള്‍ക്കൊത്ത് നഗര ഹൃദയത്തിലെ ആവേശത്തിന് താളം പകര്‍ന്നത്.