സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിന് ജില്ലയിൽ തിരി തെളിഞ്ഞു. വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിർവഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, മെമ്പർ പി.കെ അമീൻ, മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, സി.ഡി.എസ് ചെയർപേഴ്സൺ വത്സല മാർട്ടിൻ, വയനാട് ടൂറിസം അസോസിയേഷൻ പ്രതിനിധി ബ്രാൻ അലി, പഴശ്ശി പാർക്ക് മാനേജർ ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര, ഞെരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിച്ച ഹരിഗോവിന്ദഗീതവും സോപാന സംഗീതവും ആഘോഷങ്ങൾക്ക് പൊലിമയേകി. പാലക്കാട് തോല്‍പ്പാവാക്കുത്ത് കേന്ദ്രം അവതരിപ്പിച്ച തോല്‍പ്പാവക്കൂത്തും സദസ്സിന് നവ്യാനുഭൂതി പകർന്നു. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സപ്തംബർ 6 മുതൽ 11 വരെ ജില്ലയിലെ 3 കേന്ദ്രങ്ങളിലായിട്ടാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികള്‍ ഉണ്ടാകും. ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഇന്ന് (ബുധൻ) വൈകുന്നേരം

മാനന്തവാടി പഴശ്ശി പാര്‍ക്കിൽ മാനന്തവാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന തിരുവാതിര, കലാമണ്ഡലം അബിജോഷ് അവതരിപ്പിക്കുന്ന ചാക്യാര്‍ക്കൂത്ത്, കല്‍പ്പറ്റ സിംഗേഴ്‌സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
വാരാഘോഷത്തിന്റെ സമാപന സമ്മേളനം സെപ്റ്റംബര്‍ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും.