ഓണാഘോഷം പൊലിമയാക്കാന്‍ കൈയെത്തും ദൂരത്ത് വേണ്ടതെല്ലാം ഒരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. വയനാട് ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകളാണ് ഒരുക്കിയിരിക്കുന്നത്. ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി, വിവിധയിനം അച്ചാറുകള്‍, ചക്കപപ്പടം, ചോക്ലേറ്റ്, മസാലപൊടികള്‍, വെളിച്ചെണ്ണ, മുളയുല്‍പന്നങ്ങള്‍, വിവിധ തരം വസ്ത്ര സാമഗ്രികളും ഓണാക്കോടിയും, വന ഉത്പന്നങ്ങള്‍, ചിരട്ടയുല്‍പന്നങ്ങള്‍ അടക്കമുള്ള കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ചന്തയില്‍ ഒരുക്കിയിരിക്കുന്നത്.

ജില്ലയിലെ നാനാഭാഗത്തു നിന്നുമുള്ള കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളാല്‍ സമൃദ്ധമായ ഓണവിപണിയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന രീതിയിലാണ് ചന്ത ഒരുക്കിയിരിക്കുന്നത്. എല്ലാ ചന്തകളിലുമായി ദിവസേന ഏകദേശം 25 ലക്ഷം രൂപയുടെ വിറ്റു വരവ് നടക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളമുണ്ടയിലായിരുന്നു ജില്ലാതല ഉദ്ഘാടനം. സപ്ലൈക്കോയുടെ സഹകരണത്തോടെ കല്‍പ്പറ്റ എന്‍.എം.ഡി.സി ഹാളില്‍ പ്രത്യേക വിപണന മേള ആരംഭിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഓണം ഓഫീസ് സ്പെഷ്യല്‍ ഫെയര്‍, ബാണാസുര ഡാം പരിസരത്ത് വിനോദ സഞ്ചരികളെയും പ്രദേശവാസികളെയും ഉള്‍ക്കൊള്ളിച്ച് 6 ദിവസം നീളുന്ന സ്പെഷ്യല്‍ ട്രേഡ് ഫെയർ എന്നിവയും ജില്ലാ മിഷന്റെ മേല്‍നോട്ടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ മാസ്റ്റര്‍ കര്‍ഷകരില്‍നിന്ന് പ്രാദേശിക പച്ചക്കറികള്‍ ചന്തയില്‍ എത്തിച്ചു വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ചന്തകളുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുന്നനായി സിഡിഎസ് തലത്തില്‍ എംഇഎസിമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.