മതിവരാത്ത ആഘോഷങ്ങളും ആരവങ്ങളും ബാക്കിയാക്കി ഒരു ഓണക്കാലം കൂടി പടിയിറങ്ങുന്നു.ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചില ശേഷിപ്പുകള്‍ ഇനിയും ബാക്കിയാണ്. കൂടിച്ചേരലുകളുടെ പകലുകള്‍, ആഘോഷങ്ങളുടെ രാവുകള്‍ക്കെല്ലാം താത്ക്കാലികമായി വിടപറയുകയാണ്. ഇനിയും കാത്തിരിക്കാം അടുത്ത ഓണത്തിനായി എന്നോര്‍മ്മിപ്പിച്ച് ഓണനിലാവ് അനന്തപുരിയുടെ ആകാശത്ത് ചിരിച്ചു നില്‍പ്പുണ്ട്.

കുടുംബങ്ങള്‍ ഒന്നായി ചേര്‍ന്നിരുന്ന മരത്തണലുകള്‍, പുലികളിയുടെ ആവേശം കൊട്ടിക്കയറിയ നഗരവീഥികള്‍, അരങ്ങുകളില്‍ പകര്‍ന്നാടിയ ആവേശത്തിന്റെ അലയൊലികള്‍. ഇനിയുമൊരു ഓണക്കാലത്തിലേക്ക് സൂക്ഷിച്ച് വയ്ക്കാനുള്ളത്രയും സുന്ദരമായ നിമിഷങ്ങള്‍ തന്ന് തിരുവനന്തപുരം ഓരോരുത്തരേയും യാത്രയാക്കുകയാണ്.

ഈ ഓണക്കാലത്തെ മനോഹരമാക്കാനായി രാപ്പകല്‍ വ്യത്യാസമില്ലാതെ വിയർപ്പൊഴുക്കിയവർ, ചൂടേറിയ പകലുകള്‍ക്കിടയില്‍ നനുത്ത കുളിര്‍മഴ പെയ്ത സന്ധ്യകളില്‍ അണമുറിയാതെ ഓണ വിശേഷങ്ങൾ മാധ്യമങ്ങൾക്കായി പങ്കു വച്ച മീഡിയ സെന്റര്‍, അവ ഒന്നൊഴിയാതെ നിറ ഭംഗികളോടെ പകർന്നു നൽകിയ മാധ്യമ കൂട്ടായ്മകള്‍,

അങ്ങനെ ഒരാഴ്ചക്കാലം ഈ നഗരത്തിലെ രാവും പകലും എത്ര മനോഹരമായിരുന്നു. നഗരത്തെ സജീവമാക്കിയ ആൾക്കൂട്ടം. അവര്‍ നടന്നു പോയ വീഥികള്‍. ബാക്കി വച്ച മിഠായിപൊതികളും വര്‍ണ ബലൂണുകളും, വക്കു പൊട്ടി നിരത്തില്‍ വീണു പോയ കളിപ്പാട്ടങ്ങൾ. ആ നഷ്ടമോർത്ത് എവിടെയോ ഒരു കുഞ്ഞു തേങ്ങൽ . അരുത്…അടുത്ത ഓണക്കാലം ഇതിലും ഹൃദ്യമാകും.

വഴിയോരക്കച്ചവടത്തിന്റെ നിറവ്, അതിലൂറുന്ന പുതുമകള്‍. പൂത്ത മാമര കാഴ്ച്ച പെയ്തിറങ്ങുന്ന ദീപാലങ്കാര കാഴ്ച്ചകൾക്കിടയിലും ജീവിതത്തിന്റെ വെളിച്ചം തേടുന്നവരുടെ തെളിമയാർന്ന കണ്ണുകൾ. അങ്ങനെ കാഴ്ചകള്‍ ഇനിയുമേറെ. കനകക്കുന്നിലും പരിസരത്തും കണ്ട മനുഷ്യരും അവര്‍ ഒരുക്കിയ വിശാലമായ ലോകവും താത്ക്കാലികമായെങ്കിലും വിടപറയുകയാണ്.

ഈ ഓണക്കാലം മറയുമ്പോള്‍ അനന്തപുരിയിലെത്തിയവര്‍ നിറഞ്ഞ ഹൃദയത്തോടെയാണ് മടങ്ങുന്നത് എന്ന് വ്യക്തം. മുപ്പത്തി രണ്ടോളം വേദികളില്‍ അരങ്ങേറിയ ഉത്സവക്കാഴ്ചകള്‍ ഉൾപ്പടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണക്കാല സൗകര്യങ്ങൾ, ആഘോഷങ്ങള്‍ ഒക്കെ പൂര്‍ണമാകുമ്പോള്‍ ഓരോ മനസിലും ഈ ഓണക്കാലം വസന്തകാലമായി തന്നെ നിലനില്‍ക്കും.