മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധ ഗ്രാമസഭകൾ ചേരാൻ നിർദേശം. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ‘വലിച്ചെറിയൽ മുക്ത ജില്ല’ ക്യാമ്പയിന്റെ ആലോചന യോഗത്തിലാണ് നിർദേശം ഉയർന്നത്.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി കർശനമാക്കണമെന്ന് ക്യാമ്പയിന്റെ പ്രസക്തി വിശദീകരിച്ച നവകേരളം കർമ്മ പദ്ധതി 2 കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ പറഞ്ഞു.
നിയമത്തെക്കുറിച്ച് ബോധവാൻമാരല്ലാത്തവരെ ബോധവത്ക്കരിക്കണം. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കിയാലെ ക്യാമ്പയിൻ വിജയിത്തിലെത്തൂ. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളിലും ഹരിത പ്രോട്ടോക്കോൾ പാലിക്കണം. മാലിന്യം വലിച്ചെറിയുന്നത് തടയാൻ മുഴുവൻ വകുപ്പുകളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും ടി എൻ സീമ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം പി രാജേഷ്, സബ് കലക്ടർ അനുകുമാരി, എഡിഎം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.