കല്‍പ്പറ്റ: മൃഗസംരക്ഷണ മേഖലയില്‍ ജില്ലയില്‍ 1.61 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. വിവരശേഖരണം പൂര്‍ത്തിയാവുന്നതോടെ നഷ്ടക്കണക്ക് ഇനിയുമുയരും. തിങ്കളാഴ്ചയോടെ നഷ്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രതീക്ഷ. മേഖലയിലെ നഷ്ടം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി അതാത് വെറ്ററിനറി ഓഫിസര്‍മാര്‍ക്ക് വകുപ്പുതല നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ അതാതു വില്ലേജ് ഓഫിസുകളിലും വകുപ്പു മേലധികാരികള്‍ക്കും സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഔദ്യോഗിക കണക്കനുസരിച്ച് 116 പശുക്കള്‍ മഴക്കെടുതിയില്‍ ചത്തു. ഒമ്പതു കാളകളും ആറു പശുക്കുട്ടികളും മുങ്ങിച്ചത്തു. പോത്ത്- 36, പന്നി- 118, ആട്- 98, കോഴി- 22,125, താറാവ്- 178 , കാട- 18,000, മുയല്- 12 എന്നിങ്ങനെയാണ് ഇതര വളര്‍ത്തുമൃഗങ്ങളുടെ മരണനിരക്ക്. ജില്ലയിലാകെ 53 പശുത്തൊഴുത്തുകള്‍ തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്. അഞ്ച് ആട്ടിന്ക്കൂടുകളും ഒരു പന്നിക്കൂടും തകര്‍ന്നു. നിലവില്‍ പതിനായിരത്തോളം കന്നുകാലികള്‍ക്ക് ഭക്ഷണം ലഭ്യമല്ല. പച്ചപ്പുല്ല് ഒഴിവാക്കി കാലിത്തീറ്റ മാത്രം നല്‍കുന്നത് കാലികളില്‍ അതിസാരത്തിന് കാരണമാവുമെന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പ് ഇതു പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ 15 ടണ്‍ പച്ചപ്പുല്ല്, 10 ടണ്‍ വൈക്കോല്‍ എന്നിവ വകുപ്പ് നേരിട്ട് വിതരണം ചെയ്തു. ഫൈബര്‍ അടങ്ങിയ 631 ബാഗ് ടിഎംആര്‍ ഫീഡ്, 2,500 കിലോ കാലിത്തീറ്റ എന്നിവയും വിതരണം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ 15 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 1,000 ചാക്ക് കാലിത്തീറ്റ, 10 ടണ്‍ വൈക്കോല്‍ എന്നിവ കൂടി അടിയന്തരമായി ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
