ആലപ്പുഴ: ചെങ്ങന്നൂരിൽ ദിവസങ്ങളായി നടന്നുവന്ന രക്ഷാപ്രവർത്തനം സമാപ്തിയിലെത്തിയതായി സജി ചെറിയാൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇനി എവിടെയെങ്കിലും തുരുത്തിൽ ഒറ്റപ്പെട്ട ആരെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന പരിശോധന തുടരും. പ്രവർത്തനങ്ങളുടെ വിശദാംശം സംബന്ധിച്ച് എ.എം. ആരിഫ് എം.എൽ.എ, ജില്ല കളക്ടർ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർക്കൊപ്പമാണ് എം.എൽ.എ മാധ്യമങ്ങളെ കണ്ടത്. ആർമിയുടെ നേതൃത്വം നൽകുന്ന ഹേമന്ത് രാജ്, വ്യോമസേനയുടെ നേതൃത്വം വഹിച്ചവരും പത്രസമ്മേളനത്തിൽ സന്നിഹിതരായി.
ദുരന്തസമാനമായ സാഹചര്യത്തിൽ നിന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വൻതിരിച്ചു വരവാണ് ചെങ്ങന്നൂർ നടത്തിയത്. മന്ത്രിമാരും കേന്ദ്രമന്ത്രിയും സന്ദർശിച്ച് നേതൃത്വം നൽകി. ലോകം മുഴുവനും നൽകിയ കരുതലിന് സജി ചെറിയാൻ എം.എൽ.എ നന്ദിയും അറിയിച്ചു.
സർക്കാർ അയച്ച ചെങ്ങൂരിലെ സ്‌പെഷ്യൽ ഓഫീസർ പി.വേണുഗോപാൽ അടിയന്തിര ഘട്ടത്തിൽ എല്ലാവർക്കും നിർദ്ദേശം നൽകി. രക്ഷപ്രവർത്തനത്തിൽ എയർഫോഴ്‌സ്, നേവി, എൻ.ഡി.ആർ.എഫ് , ആർമി തുടങ്ങിയവരുടെയും സഹായം വലുതാണ്. ഈ രക്ഷാപ്രവർത്തനത്തിൽ ഏറ്റവും വലിയ സഹായം നൽകിയത് മത്സ്യ തൊഴിലാളികളാണ്. നാനൂറോളം വള്ളങ്ങളാണ് മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തിച്ചത്. അവരുടെ സേവനം ആർക്കും മറക്കനാവത്തതാണ്. 50,000 പേരെയാണ് മത്സ്യാതൊഴിലാളികൾ മരണമുഖത്ത് നിന്ന് രക്ഷിച്ചത്.
എല്ലാ മുന്നറിയിപ്പ് നൽകിയെങ്കിലും ആദ്യം ദുരന്തം എത്രയും വലുതാകുമെന്ന് കരുതിയില്ല. എന്റെ വാഹനമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. 15ന് രാത്രിയിൽ എത്തിയ ജില്ല പൊലീസ് മേധാവി, നാല് ഡിവൈ.എസ്.പിമാർ എന്നിവരുടെ ജോലി എടുത്തു പറയേണ്ടതാണ്. റവന്യൂ വകുപ്പ് വലിയ രീതിയിൽ പ്രവർത്തനം ഏകോപിച്ചു. ഭക്ഷ്യോത്പങ്ങൾ ആവശ്യത്തിന് എത്തിക്കുന്നതിൽ ഭക്ഷ്യ വകുപ്പ് വലിയ ദൗത്യമാണ് ഏറ്റെടുത്തത്.
ഔദ്യോഗികവും അനൗദ്യോഗികവുമായുള്ള ക്യാമ്പുകളിൽ നേവിയും, എയർഫോഴ്‌സും കൃത്യമായി ഭക്ഷണം എത്തിക്കുന്നു. നല്ലവരായ മനുഷ്യരുടെ സംഭാവനയാണ് ചെങ്ങന്നൂരിനെ രക്ഷിച്ചത്. ഫലപ്രദമായ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ക്യാമ്പുകൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. പുറമെ നിന്നുള്ളവരെ ക്യാമ്പിലേക്ക് കടത്തി വിടുകയില്ല. ഭക്ഷണം ക്യാമ്പിൽ തന്നെ പാകം ചെയ്തു നൽകാനുള്ള ഏർപ്പാട് സർക്കാർ ചെയ്തിട്ടുണ്ട്.
പാകം ചെയ്ത ഭക്ഷണം ആർക്കെങ്കിലും വിതരണം ചെയ്യണമെങ്കിൽ താലൂക്ക് ഓഫീസിൽ നിന്ന് അനുമതി വാങ്ങണം. ഭക്ഷണമായാലും വസ്ത്രമായാലും ചെങ്ങന്നൂരിന് ലോകത്തിന്റെ സഹായം ആവശ്യമാണ്. എല്ലാ നഷ്ടപ്പെട്ട് ക്യാമ്പിലുള്ളവർ അനാഥരല്ല. എല്ലാ സഹായവും സർക്കാർ നൽകും. 10 ദിവസമെങ്കിലും കുടിവെള്ളം എത്തിക്കാനാണ് ഉദ്ദേശ്യം. ഭക്ഷണവും കുടിവെള്ളവും സന്മസുള്ളവർ എത്തിക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
ഏതാണ് 30,000 വീടുകളിൽ ചെളി കയറി ഇത് നീക്കം ചെയ്യാൻ വൻതുക ആവശ്യമാകും. നല്ലവരായ ചെറുപ്പക്കാർ സന്നദ്ധ പ്രവർത്തനത്തിന് ചെങ്ങന്നൂരിൽ എത്തണം. വരുന്നവർ താലൂക്ക് ഓഫീസ് കൗണ്ടറിലെത്തി രജിസ്റ്റർ ചെയ്ത് സേവനം നടത്താം. വ്യാപാരി സമൂഹവും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 500 ഡോക്ടർമാരും ആയിരക്കണക്കിന് പാരാമെഡിക്കൽ സ്റ്റാഫും പ്രവർത്തിച്ചു വരുന്നു. എല്ലാ ക്യാമ്പിലും കൗസിലിങ് സെന്റർ പ്രവർത്തിക്കും. രേഖകൾ നഷ്ടപ്പെട്ടവർക്ക് അദാലത്ത് നടത്തി പ്രശ്‌നം പരിഹരിക്കും. സർജിക്കൽ ഓപ്പറേഷൻ നടത്തിയ ടീം, ഗരുഡ ടീം എന്നിവ എത്തി. അവർ വീടുകൾ ഉൾപ്പടെയുള്ളവ പരിശോധിച്ച് ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ രക്ഷാപ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.