കൊച്ചി : ജില്ലയുടെ ശക്തിയാണ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും എന്ന കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. പ്രളയത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യതൊഴിലാളികളെ അനുമോദിക്കാൻ വൈപ്പിൻ ഗോശ്രീ ഫിഷിംഗ് ഹാർബറിൽ നടന്ന അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണൂറിലധികം മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ മരണസംഖ്യ പരിമിതപ്പെടുത്തുന്നതിന് സാധിച്ചത്. പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പ്രശംസനീയമാണ് എന്നും അദ്ദേഹം പറഞ്ഞു. 1800 ലധികം പേരുടെ ജീവൻ രക്ഷിച്ച പൂങ്കാവനം വള്ളത്തിൻറെ കൺവീനർ സന്തോഷിനെ കളക്ടർ ചടങ്ങിൽ ആദരിക്കുകയും ഓണക്കിറ്റ് നൽകുകയും ചെയ്തു.
പ്രളയത്തിൽ നാടിന്റെ ഒന്നാംനിര കാവൽ ഭടന്മാരായി കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ മത്സ്യതൊഴിലാളികൾക്ക് കഴിഞ്ഞു . മോശപ്പെട്ട കാലത്ത് ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവയ്ക്കാനും മത്സ്യത്തൊഴിലാളികൾക്ക് സാധിച്ചു. ഇവർ ഇല്ലായിരുന്നുവെങ്കിൽ നാടിൻറെ ചിത്രം മറ്റൊന്നാകുമായിരുന്നു . പലരെയും ജീവനോടെ തിരിച്ചു കൊണ്ടുവരാൻ ഇവരുടെ ശ്രമദാനത്തിന് സാധിച്ചു. മരണത്തെ ഭയപ്പെടുന്നവരല്ല മറിച്ച് ജീവിതത്തെ ഇഷ്ടപ്പെടുന്നവരാണ് മത്സ്യത്തൊഴിലാളികൾ എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് എസ് ശർമ എംഎൽഎ പറഞ്ഞു
ചടങ്ങിൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഉദയസൂര്യൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുരളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പതിനായിരം രൂപ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളക്ക് കൈമാറി. ചടങ്ങിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളെ ആദരിക്കുകയും ഓണക്കിറ്റ് വിതരണം നടത്തുകയും ചെയ്തു. ആദ്യ ദിവസം മുപ്പത്തിയെട്ട് വള്ളങ്ങളും രണ്ടാംദിവസം എൺപത്തിയെട്ട് വള്ളങ്ങളും മൂന്നാം ദിവസം മുപ്പത്തിയേഴ് വള്ളങ്ങളും രജിസ്റ്റർ ചെയ്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കൂടാതെ കണ്ണമാലി , ചെല്ലാനം , ഞാറയ്ക്കൽ, നായരമ്പലം , ചെറായി, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും രജിസ്റ്റർ ചെയ്യാത്ത ധാരാളം വള്ളങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
പലതവണ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന തനിക്ക് ഇപ്രാവശ്യം കടപ്പെട്ടിരിക്കുന്നത് മത്സ്യതൊഴിലാളികളോട് ആണെന്ന് നടൻ ഭരത് സലിംകുമാർ പറഞ്ഞു .തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹവും നന്ദിയും എന്നും മനസ്സിൽ സൂക്ഷിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ചെയർമാൻ ടി എൻ പ്രതാപൻ , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ്, ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ് , സിപിഐ ജില്ലാ സെക്രട്ടറി പി രാജു , ഫിഷറീസ് കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.