കൊച്ചി: പ്രളയക്കെടുതിയില്‍ റോഡുകള്‍ മുങ്ങിയതോടെ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനസ്ഥാപിച്ച് ജില്ലയിലെ കെഎസ്ആര്‍ടിസി. പ്രളയം വലിയ രീതിയില്‍ ബാധിച്ച ആലുവ, പറവൂര്‍, അങ്കമാലി മേഖലകളിലാണ് സര്‍വ്വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയിരുന്നത്. ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് മുമ്പു തന്നെ സര്‍വീസ് പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞു. ഓഗസ്റ്റ് 22 ബുധനാഴ്ച്ച 36 സര്‍വീസുകളാണ് പറവൂര്‍ ഡിപ്പോയില്‍ നിന്ന് നടത്തിയത്. നിലവില്‍ 67 സര്‍വീസുകളാണ് ഡിപ്പോയിലുള്ളത്. വ്യാഴാഴ്ച മുതല്‍ പരമാവധി സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് ഉദ്ദേശം.
മഴയില്‍ റോഡുകള്‍ തകര്‍ന്നതും വെള്ളം നിറഞ്ഞതും വകവയ്ക്കാതെ നിരവധി ബസുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. സ്ഥിരം സര്‍വീസുകളെ കൂടാതെ പല ഡിപ്പോകളും സ്‌പെഷ്യല്‍ സര്‍വീസുകളും നടത്തി. വീടുകളിലും ക്യാംപുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കി. പോലീസ്, നേവി, ആര്‍മി തുടങ്ങി എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരേയും ദുരന്തനിവാരണ ഉദ്യോഗസ്ഥരേയും പ്രവര്‍ത്തകരേയും രക്ഷാപ്രവര്‍ത്തനത്തിനും വിവിധ ക്യാംപുകളിലേക്കും സര്‍വീസ് നടത്തി കൃത്യസമയത്ത് എത്തിച്ചു. എറണാകുളം ജില്ലയില്‍ അന്‍പതോളം ബസുകളാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയത്. റോഡുകളില്‍ വെള്ളം കയറിയിരുന്നെങ്കിലും ഗതാഗത യോഗ്യമായ എല്ലാ സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി.
മഴക്കെടുതിയില്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനായി  ദിവസവും പത്ത് ബസുകളാണ് പറവൂര്‍ ഡിപ്പോയില്‍ നിന്നും വിട്ടു നല്‍കിയത്. കാക്കനാട്, ഭാരത് മാതാ കോളേജ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എന്നീ ക്യാംപുകളിലേക്കാണ് സര്‍വീസ് നടത്തിയത്. രാത്രി എട്ട് മണി വരെ ആയിരുന്നു സര്‍വീസുകള്‍. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് പറവൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ അവധിയിലായതോടെ എറണാകുളം ഡിപ്പോയിലെ ജീവനക്കാര്‍ എത്തിയാണ് ക്യാംപുകളിലേക്കുള്ള സര്‍വീസുകള്‍ നടത്തിയത്. റോഡുകള്‍ വെള്ളത്തിലായതോടെ ഗുരുവായൂര്‍ ഭാഗത്തേക്ക് ചെറായി വഴി തിരിഞ്ഞ് മാല്യങ്കര മൂത്തകുന്നം പാലം വഴിയാണ് സര്‍വീസുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ സാധാരണ നിലയിലാണ് സര്‍വീസുകള്‍ നടക്കുന്നത്.
ആകെ 75 സര്‍വീസുകളാണ് ആലുവ ഡിപ്പോയിലുള്ളത്. മഴക്കെടുതിയെ തുടര്‍ന്ന് ബുധനാഴ്ച വരെ 53 സര്‍വീസുകളാണ് നടന്നത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി രാത്രി വൈകിയും സര്‍വീസുകള്‍ നടത്തി ആലുവ ഡിപ്പോ മാതൃകയായി. രാത്രിയില്‍ ഏഴ് സ്‌പെഷ്യല്‍ സര്‍വീസുകളാണ് ഡിപ്പോ നടത്തിയത്. ഉളിയന്നൂര്‍ക്ക് മൂന്നും പൂവത്തുശേരിക്കും കരിയാടേക്കും രണ്ടും വീതം സര്‍വീസുകള്‍ നല്‍കി. കൂടാതെ ഉളിയന്നൂര്‍, പൂവത്തുശേരി, കരിയാട്, എറണാകുളം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്ക് പതിനേഴ് അഡീഷണല്‍ സര്‍വീസുകളും നടത്തി വരുന്നു. ആളുകളെ ക്യാംപുകളിലേക്ക് മാറ്റാനും ബസുകള്‍ സഹായത്തിനെത്തി. ബുധനാഴ്ച കുസാറ്റിലെ ക്യാംപില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി മൂന്ന് സ്‌പെഷ്യല്‍ സര്‍വീസുകളും നടത്തി. കഴിഞ്ഞ നാല് ദിവസങ്ങളിലായി ആലുവ ഡിപ്പോയില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ആലുവ ബസ് സ്റ്റാന്‍ഡില്‍ വെളളം കയറിയതിനാല്‍ 17, 18 തീയതികളില്‍ സര്‍വീസ് നടത്തിയിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ചൂണ്ടി വഴിയാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള ബസുകള്‍ മാറമ്പിളളി വഴിയാണ് പോകേണ്ടത്. എന്നാല്‍ മാറമ്പിളളി ഭാഗം വെള്ളത്തിലായതോടെ ഈ ബസുകളും ചൂണ്ടി വഴിയാണ് പോയത്. ഇപ്പോള്‍ എല്ലാ റൂട്ടുകളും പുനസ്ഥാപിച്ചു. നിലവില്‍ ആലുവയില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാത്ത മേഖലകള്‍ വെളിയത്തുനാട്, കാലടി, വരാപ്പുഴ, പുത്തന്‍വേലിക്കര എന്നിവയാണ്. ബുധനാഴ്ച എളന്തിക്കര വരെ സര്‍വീസ് നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഇങ്ങോട്ടുള്ള സര്‍വീസ് തുടരാനാണ് തീരുമാനം.
റോഡുകള്‍ തകര്‍ന്നതോടെ എറണാകുളം മേഖലയില്‍ നിന്നും കട്ടപ്പന, കുമളി, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല.