കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ് ക്യാമ്പുകളുടെ ചുമതല. ഓരോ ക്യാമ്പിനും ചാര്‍ജ് ഓഫീസറെയും നിശ്ചയിച്ചിട്ടുണ്ട്. പ്രളയം ഗുരുതരമായി ബാധിച്ച ആലുവ, പറവൂര്‍ താലൂക്കുകളില്‍ ഡപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ വീതം തഹസില്‍ദാര്‍മാര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. അഞ്ചു വീതം ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ് ക്യാമ്പുകളുടെ മേല്‍നോട്ടച്ചുമതല. വില്ലേജ് ഓഫീസര്‍മാര്‍ക്ക് കീഴില്‍ ഓരോ ക്യാമ്പിനും ചാര്‍ജ് ഓഫീസറെയും നിയമിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
പറവൂരില്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ എസ്. ഷാജഹാന്‍, ഡപ്യൂട്ടി കളക്ടര്‍ സുരേഷ്‌കുമാര്‍ എന്നിവരാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നയിക്കുക. ആലുവയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീറിനും ഡപ്യൂട്ടി കളക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍ക്കുമാണ് ചുമതല. ജില്ലയില്‍ നിലവില്‍ 596 ക്യാമ്പുകളിലായി 3,46,988 പേരാണുള്ളത്. 395 ക്യാമ്പുകള്‍ അടച്ചു. 1,40,248 പേര്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പറവൂരിലാണ് – 223. ആലുവ – 136, കണയന്നൂര്‍ – 156, ആലുവ – 136, കുന്നത്തുനാട് – 29, മൂവാറ്റുപുഴ – 27, കോതമംഗലം – 05, കൊച്ചി – 20 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ നിലവിലുള്ള താലൂക്കുകളുടെ എണ്ണം.
ദുരിതാശ്വാസത്തിനായി സമാഹരിച്ച സാധനസാമഗ്രികള്‍ ക്യാമ്പുകളിലെത്തിക്കുന്നതിനായി മൂന്ന് സംഭരണ, വിതരണകേന്ദ്രങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാക്കനാട് തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാള്‍, ആലുവ താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ് എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ കേന്ദ്രീകൃത ശേഖരണ കേന്ദ്രം ആറ് പ്രളയബാധിത ജില്ലകളുടെയും റീജിയണല്‍ റിലീഫ് സെന്ററായി പ്രവര്‍ത്തിക്കും. ജില്ലകള്‍ക്കുള്ള സാധനസാമഗ്രികള്‍ ഇവിടെ നിന്നും കയറ്റി അയക്കും.
പ്രളയബാധിതര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് ക്യാമ്പ് വാസമോ രജിസ്‌ട്രേഷനോ ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. നാശനഷ്ടങ്ങള്‍ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വിലയിരുത്തിയ ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഓരോ വീടും റവന്യൂ അധികൃതര്‍ എഞ്ചിനീയര്‍മാര്‍ക്കൊപ്പം സന്ദര്‍ശിച്ചാണ് നാശനഷ്ടങ്ങളുടെ മൂല്യനിര്‍ണയം നടത്തുക. വാസയോഗ്യമായ വീടുകള്‍ ഉള്ളവര്‍ക്ക് അവിടേക്ക് മടങ്ങിപ്പോകാവുന്നതാണ്. വീടുകള്‍ വാസയോഗ്യമാകുന്നതു വരെ ക്യാമ്പുകളില്‍ താമസസൗകര്യം നല്‍കും. സര്‍ക്കാര്‍ ആനുകൂല്യത്തിന് അപേക്ഷ നല്‍കാനെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഫോറം വ്യാജമാണെന്നും കളക്ടര്‍ വ്യക്തമാക്കി. പ്രളയദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോറം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
പ്രളയജലം കയറിയിറങ്ങിയ മേഖലകളില്‍ തീവ്രശുചീകരണ യത്‌നത്തിനും തുടക്കമായി. പൊലീസും സൈന്യവും സന്നദ്ധസംഘടനകളും ഇതിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ശുചീകരണം. ശുചീകരണത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ രേഖപ്പെടുത്തിയ ലഘുലേഖകളും ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്നുണ്ട്.