കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തിപ്പു കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ അറിയിച്ചു. ക്യാമ്പുകളിലെ ആവശ്യത്തിനനുസരിച്ച് ഭക്ഷണവും മറ്റ് സാധനസാമഗ്രികളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ക്യാമ്പുകളില്‍ ആവശ്യത്തിലധികം സാധനങ്ങള്‍ കെട്ടിക്കിടക്കാതിരിക്കാനും ക്ഷാമം ഒഴിവാക്കാനും സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശൂചീകരണപ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യാനെത്തിയ മന്ത്രി പറവൂര്‍ താലൂക്ക് ഓഫീസില്‍ എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപന മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ആരോഗ്യകരമായതും നിലവാരമുള്ളതുമായ ജീവിതം ക്യാമ്പുകളില്‍ ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണം. ആവശ്യങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനുള്ള എല്ലാ സഹായവും നല്‍കണം. ഭക്ഷണത്തിനും ദൈനംദിനാവശ്യത്തിനുള്ള സാമഗ്രികള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ ഇതിനുള്ള സൗകര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ നിന്നും ജില്ലകളിലേക്ക് സാധനസാമഗ്രികള്‍ പ്രവഹിക്കുകയാണ്. ഇവ തരം തിരിച്ച് ക്യാമ്പുകളിലെത്തിക്കുക പ്രയാസകരമായ ജോലിയാണ്. ജില്ലാതലത്തില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ശേഖരണകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. വോളന്റിയര്‍മാരുടെ സഹായത്തോടെ ഇവ തരംതിരിച്ച് ക്യാമ്പുകളിലെത്തിക്കണം.
പ്രളയജലം കയറിയിറങ്ങിയ മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം. ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം ജില്ലയില്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കളക്ടറേറ്റിലെ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലും ഏകോപനത്തിന് സൗകര്യമൊരുക്കും. ശുചീകരണം കാര്യക്ഷമമാക്കുന്നതിന് വിദഗ്ധ സാങ്കേതിക പിന്തുണ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം, കേടായ മരുന്നുകളുടെ സംസ്‌കരണം, ടോയ്‌ലറ്റ് മാലിന്യം നീക്കം ചെയ്യല്‍ എന്നിവയും അതീവശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. ക്ലോറിനേഷന്‍ നടത്തുമ്പോള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കൂടുതല്‍ അളവില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ വി.ഡി. സതീശന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജോണ്‍ ഫെര്‍ണാണ്ടസ്, പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്, ഏലൂര്‍ നഗരസഭ ചെയര്‍പഴ്‌സണ്‍ സി.പി. ഉഷ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ എസ്. ഷാജഹാന്‍, ഡപ്യൂട്ടി കളക്ടര്‍മാരായ സുരേഷ്‌കുമാര്‍, ഷീലാദേവി, പറവൂര്‍ താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.