സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും ഓരോരുത്തരും സമൂഹത്തോട് കരുതലുള്ളവരായി വളരണമെന്നും ഉമ തോമസ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 176 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയത്. ഇവര്‍ക്കുള്ള പട്ടികജാതി വികസന വകുപ്പിന്റെ ഉപഹാരം എം.എല്‍.എ സമ്മാനിച്ചു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്നും ബി.എ ഫൈന്‍ ആര്‍ട്സ് കോഴ്സില്‍ ഒന്നാം റാങ്ക് നേടിയ അരവിന്ദ് ചടയനേയും ആദരിച്ചു.