ലഹരിക്കെതിരെ യുവ തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ലഘു ചിത്രം നിര്‍മിച്ച് ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. ലഹരി എന്നു പേരിട്ട ചിത്രത്തിന്റെ പ്രകാശനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനായ മിറാജ് ഭാസ്‌കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ജനപ്രതിനിധികളുള്‍പ്പടെ അഭിനയിച്ചിട്ടുണ്ട്. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ചും അതു മൂലമുള്ള ആരോഗ്യവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
യുവ ജനങ്ങളിലേക്ക് എളുപ്പത്തില്‍ ഇറങ്ങി ചെല്ലുന്ന മാധ്യമമെന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് പഞ്ചായത്ത് ഭരണ സമിതി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയ്മിങ്ങിനെതിരെയും ഹ്രസ്വചിത്രം പഞ്ചായത്ത് നിര്‍മിച്ചിരുന്നു.