സ്ത്രീശാക്തീകരണത്തിനായി ആയിരം പെൺകുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പുകൾഒക്ടോബർ 22ന് നടക്കും.
ജില്ലയിലെ 20 വിദ്യാലയങ്ങളിലാണ് ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 8, 9 ക്ലാസ്സുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുക. സംഘാടകരായ സ്കൂളുകൾക്കൊപ്പം തൊട്ടടുത്ത രണ്ട് വിദ്യാലയങ്ങളിലെ കുട്ടികളും അടക്കം ഒരു ക്യാമ്പിൽ 50 പേരാണ് ഉണ്ടാവുക.
ക്യാമ്പിന്റെ ജില്ലാതല റിസോഴ്‌സ് അധ്യാപകർക്കുള്ള ശിൽപ്പശാല സമാപിച്ചു. അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. പതിറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധവും പുരുഷമേധാവിത്വപരവുമായ ആശയങ്ങളാണ് പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകുന്നതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സാമൂഹ്യവ്യവസ്ഥിതിയിലും വ്യത്യസ്ത രീതിയിലുള്ള അതിക്രമങ്ങൾക്ക് സ്ത്രീകളും പെൺകുട്ടികളും പാത്രമാകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വനിതാ – ശിശുക്ഷേമ വികസന വകുപ്പ് ജില്ലാ ഓഫീസർ പി മീര അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും സമേതം വിദ്യാഭ്യാസ പരിപാടിയുടെ ജെൻഡർ വർക്കിംഗ് ഗ്രൂപ്പ് അംഗവും റിസോഴ്സ് പേഴ്സണും ആയ ജയശ്രീ പട്ടത്ത് നന്ദിയും പറഞ്ഞു.
ജെൻഡർ സോഷ്യൽ ആക്ടിവിസ്റ്റ് പ്രൊഫ. സി വിമല, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ബീരേഷ് കൃഷ്ണൻ, സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാ കോഡിനേറ്റർ വി മനോജ്, ജെൻഡർ വർക്കിംഗ് ഗ്രൂപ്പ് അംഗം ഇ പി എസ് ജെന്നി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായാണ് ഒന്നാംഘട്ടത്തിൽ 20 തിയ്യേറ്റർ ക്യാമ്പുകൾ നടക്കുക. തുടർന്ന് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.