ആയുവേദവും എസ്പിസിയും വിമുക്തിയും കൈകോർത്തുള്ള ലഹരി വിരുദ്ധ ക്യാമ്പയിന് എൽത്തുരുത്ത് സെന്റ്. അലോഷ്യസ് സ്കൂളിൽ തുടക്കമായി. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, വിമുക്തി മിഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റിയും സഹകരിക്കുന്നുണ്ട്. ജില്ലയിലെ സ്കൂളുകളിലെ എസ്പിസി കേഡറ്റുകൾ, വിമുക്തി ക്ലബുകൾ എന്നിവരിലൂടെ ഒരു വിദ്യാലയത്തിന് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കിക്കൊണ്ട് അവരുടെ സഹായത്താൽ കുട്ടികൾ തന്നെ സഹപാഠികൾക്ക് ലഹരി വിരുദ്ധ ആശയം പകർന്നു കൊടുക്കുന്ന വിധത്തിലാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിൽ നടന്ന പരിപാടി നാഷണൽ ആയുഷ് മിഷൻ ജില്ലാ മേധാവി ഡോ.എം എസ് നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാദർ ജോസ് കൊടിയൻ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ ജെന്നി വർഗീസ് ,സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ പ്രദീപ് സി വി , വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഷെഫീഖ് യൂസഫ്, ഹർഷം മാനസിക ആരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ.അനിത സുകുമാർ , ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല ട്രഷറർ ഡോ.ജിതേഷ് കെ ജെ , സംസ്ഥാന കമ്മിറ്റിയംഗം ഡോ.രവി മൂസ്സ് , സ്കൂൾ എസ്പിസി പദ്ധതി സിപി ജോസ് മാർട്ടിൻ പി ആർ , നാഷണൽ ആയുഷ് മിഷൻ മാനസിക ആരോഗ്യ വിദഗ്ദ്ധ ഡോ.തുഷാര ജോയ് എന്നിവർ സംസാരിച്ചു.
എസ്പിസി പ്രവർത്തന ഡയറി, വിമുക്തി ലഹരി വിരുദ്ധ കൈപ്പുസ്തകം എന്നിവയും വിതരണം ചെയ്തു. കുട്ടികൾക്കായുള്ള തുടർ ക്ലാസുകൾ നാഷണൽ ആയുഷ് മിഷൻ മാനസികാരോഗ്യ പദ്ധതിയായ ഹർഷം നേതൃത്വം നൽകും. ആവശ്യമുള്ള ഘട്ടത്തിൽ ചികിത്സയും ലഭ്യമാക്കും.