കൈനകരി റോഡിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജില്ല കളക്ടർ വി. ആർ കൃഷ്ണതേജ നേരിട്ടു വിലയിരുത്തി. കൈനകരി ജലോത്സവത്തിന് മുന്നോടിയായിരുന്നു കളക്ടറുടെ സന്ദർശനം. റോഡിലെ കുഴികൾ രണ്ടു ദിവസത്തിനുള്ളിൽ അടച്ചു താത്ക്കാലിക പരിഹാരം കാണണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.
എ സി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ കൈനകരി റോഡ് വഴിയാണ് പോകുന്നത്. എതിർ ദിശയിൽ വാഹനം വന്നാൽ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും കഴിയാത്ത സാഹചര്യമാണിപ്പോൾ. വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. വള്ളംകളി സംഘാടകസമിതി ഓഫീസും കളക്ടർ സന്ദർശിച്ചു.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദ്, വൈസ് പ്രസിഡന്റ് പ്രസീത മിനിൽ കുമാർ, സ്ഥിരം സമതി അധ്യക്ഷരായ കെ. എ പ്രമോദ്, സബിത മനു, പഞ്ചായത്ത് അംഗങ്ങളായ ലിനി ആന്റണി, ഡി. ലോനപ്പൻ, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ഡപ്യൂട്ടി തഹസിൽദാർ സുഭാഷ്, പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ, കുട്ടനാട് റോഡ്സ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗൗരി കാർത്തിക എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.