ക്രൂയിസ് കപ്പലുകള്‍, ചരക്ക് കപ്പലുകള്‍, ആഡംബര യാച്ചുകള്‍ തുടങ്ങിയവ ആലപ്പുഴ തീരത്ത് അടുപ്പിക്കാനായുള്ള ബീച്ച് കം മറീനയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക യോഗം ചേര്‍ന്നു. എ.എം. ആരിഫ് എം.പി, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

മാരിടൈം ഹെരിറ്റേജ് പ്രോജക്ടിന്റെ ഭാഗമായാണിത് നിര്‍മിക്കുന്നത്. കേരള മാരിടൈം ബോര്‍ഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണം സംബന്ധിച്ച് നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. 2023ഓടെ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കളക്ടറേറ്റ് ചേംബറില്‍ നടന്ന യോഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ബോര്‍ഡ് അംഗങ്ങള്‍, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.