ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ഒരുമാസമായി തുടരുന്ന ‘ബോധപൂർണ്ണിമ’ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന് ഇന്ന് (നവംബർ 1) സമാപനമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ഇന്നു വിദ്യാർഥികൾ ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖല തീർക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ 10നാണ് ‘ബോധപൂർണ്ണിമ’ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടം സമാപനം. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ക്യാമ്പസുകളിൽ നിന്ന് ക്ഷണിച്ച സൃഷ്ടികൾക്ക്  ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരവും ചടങ്ങിൽ സമ്മാനിക്കും.

തിരുവനന്തപുരത്ത് ഗാന്ധിപാർക്ക് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയർ വരെ വൈകിട്ട് 3 മണിക്ക് നടക്കുന്ന  ലഹരിവിരുദ്ധ ശൃംഖല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചങ്ങല രൂപീകരിച്ച് കഴിഞ്ഞ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. പ്രതീകാത്മകമായി ഓരോ കലാലയങ്ങളിലും ലഹരിവസ്തുക്കൾ കത്തിക്കും. കോളേജുതല ജാഗ്രതാസമിതികൾ രൂപീകരിച്ചാണ് സംഘാടനം.

പരിപാടിയോടനുബന്ധിച്ച് ഫ്‌ലാഷ് മോബ് / തെരുവ് നാടകം തുടങ്ങിയവും നടക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. എൻ.സി.സി-എൻ.എസ്.എസ്. വിദ്യാർഥികളും ശൃംഖലയിൽ അണിചേരും – മന്ത്രി ബിന്ദു അറിയിച്ചു.