‘മീഠീ മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തു
അതിഥിത്തൊഴിലാളികളുടെ മക്കൾക്ക് മലയാള ഭാഷാ പഠനം എളുപ്പമാക്കുന്നതിനുള്ള
‘മീഠീ മലയാളം’ പദ്ധതി മാതൃകാപരമെന്ന്
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘മീഠീ മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന അതിഥിത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഭാഷ തടസമാകരുത്. മലയാള ഭാഷാ പഠനം എളുപ്പമാക്കുന്നതിനായി പ്രത്യേക മോഡ്യൂൾ തയ്യാറാക്കി ശാസ്ത്രിയമായ രീതിയിലുള്ള ‘മീഠീ മലയാളം’ പരിശീലനം മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമെന്നത് കുട്ടികളുടെ വളർച്ചയുടെ പ്രധാന ഭാഗമാണ്. ക്ലാസ് മുറികളിൽ എല്ലാവർക്കും തുല്യമായി വിദ്യാഭ്യാസം നൽകാൻ സാധിക്കണം. അതിന് പഠന മാധ്യമം പ്രയാസം സൃഷ്ടിക്കരുതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി എല്ലാവരിലും എത്തി എന്നുറപ്പാക്കണം. ‘മീഠീ മലയാളം’ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിന് പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഹിന്ദി മാതൃഭാഷയായ കുട്ടികൾക്ക് മലയാള ഭാഷാ പഠനം ലളിതമാക്കുന്നതിനായി ജില്ലയിലെ സൗത്ത് യു.ആർ.സി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയാണ് ‘മീഠീ മലയാളം’. കോഴിക്കോട് യു.ആർ.സി സൗത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഏഴാം ക്ലാസുവരെ പഠിക്കുന്നവരിൽ 370 വിദ്യാർത്ഥികൾ മലയാളം മാതൃഭാഷയല്ലാത്തവരാണ്. ഇവർക്ക് മലയാളം കേട്ടു മനസിലാക്കാനും, സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള പ്രാപ്തി കൈവരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ കേരളത്തിന് പുറത്തുളള പ്രദേശങ്ങളിലേക്ക് കൂടി മലയാള ഭാഷ വ്യാപിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാൻ സാധിക്കും.
പുതിയറ ബി.ഇ.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ -കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ സി രേഖ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരിച്ചു.
കോർപ്പറേഷൻ കൗൺസിലർ പി.കെ നാസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ജയകൃഷ്ണൻ, ഹെഡ്മാസ്റ്റർ പി.എൽ ജയിംസ്, പി.ടി.എ പ്രസിഡന്റ് ലിനു പി ജോസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി പ്രവീൺ കുമാർ സ്വാഗതവും യു.ആർ സി ട്രെയിനർ പി.സുഭാഷ് നന്ദിയും പറഞ്ഞു.