ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കായിക യുവജന കാര്യാലയം സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ എന്നിവ വഴി നടപ്പിലാക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പെയ്ന് അടിമാലിയിലും തുടക്കം കുറിച്ചു. നവംബര്‍ 11 മുതല്‍ 21 വരെ വിവിധ ജില്ലകളിലെ 1000 കേന്ദ്രങ്ങളില്‍ ഒരു ലക്ഷം കുട്ടികള്‍ക്ക് ദിവസവും ഒരു മണിക്കൂര്‍ വീതം പത്ത് ദിവസത്തെ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി. 1000 സെന്ററുകള്‍ക്ക് പുറമെ തദ്ദേശസ്വയം ഭരണ സ്ഥാപനതലത്തില്‍ കായിക അക്കാദമികള്‍, കായിക ക്ലബ്ബുകള്‍, വിദ്യാലയങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവരെ കൂടി പദ്ധതിയുടെ ഭാഗമാക്കും. സേ നോ റ്റു ഡ്രഗ്‌സ് എന്ന ലഹരി വിരുദ്ധ പ്രചാരണത്തിനും ഊന്നല്‍ നല്‍കും. അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം അനസ് ഇബ്രാഹിം നിര്‍വ്വഹിച്ചു. വരും ദിവസങ്ങളില്‍ അടിമാലി മേഖലയില്‍ തിരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ കൂടി വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്ന് അനസ് ഇബ്രാഹിം പറഞ്ഞു. മച്ചിപ്ലാവില്‍ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങില്‍ കാര്‍മ്മല്‍ ജ്യോതി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി, കായികാധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി സജീകരിച്ച ഗോള്‍ പോസ്റ്റിലേക്ക് കുട്ടികള്‍ ഗോളുകള്‍ തൊടുത്തു.
