പനമരം ചെറുപുഴ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ശനി) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ഒ.ആര്. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ പ്രധാന റോഡുകളില്‍ ഒന്നായ ബീനാച്ചി – പനമരം റോഡിലുളള പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയാണ് ചെലവിടുന്നത്. 18 മാസത്തിനകം പണി പൂര്‍ത്തീകരിക്കും. പാലത്തിന്റെ ആകെ നീളം 44 മീറ്ററാണ്. 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. പനമരം ഭാഗത്തേക്ക് 200 മീറ്ററും നടവയല്‍ ഭാഗത്തേക്ക് 120 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കും. പാലത്തിനോട് ചേര്‍ന്ന് പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
