ഉയർന്ന ശേഷിയുള്ള കിർലോസ്‌കർ പമ്പുകൾ ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ജലനിരപ്പ് താഴ്ത്തുന്നതിന് വേണ്ടിയുള്ള പമ്പിംഗ് ഇറിഗേഷൻ വകുപ്പിൻരെ നേതൃത്വത്തിൽ ആരംഭിച്ചു . ഇതിലൊരു പമ്പ് ഇന്നലെ പുലർച്ചെ മുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് . നെടുമുടി ഭാഗത്തിന് കിഴക്കുവശം നാട്ടായത്താണ്  പമ്പിംഗ് നടക്കുന്നത്. മണിക്കൂറിൽ 10 ലക്ഷത്തി ഇരുപതിനായിരം ലിറ്റർ വരെ വെള്ളം ഇപ്പോൾ പമ്പു ചെയ്യുന്നുണ്ട്. മറ്റുരണ്ടു പമ്പുകൾ ഇന്നലെ രാത്രിയോടെ പ്രവർത്തനം തുടങ്ങി.  മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിന് കിഴക്കുവശത്തുള്ള മൂല പൊങ്ങാംപുറ പാടശേഖരത്തിന് സമീപമാണ് പമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പമ്പിങ് സ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. എത്രയും വേഗത്തിൽ എ.സി. റോഡിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാനും റോഡ് ഗതാഗതയോഗ്യമാക്കാനുമുള്ള  ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൻബാബുവിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കിർലോസ്‌കർ കമ്പനിയുടെ വിദഗ്ധരും സ്ഥലത്തുണ്ട്.