കുട്ടനാടിന്റെ പ്രളയക്കണ്ണീർ തുടയ്ക്കാൻ ഇന്നലെ നടന്ന മഹാശുചീകരണത്തിൻരെ ആദ്യ ദിനത്തിൽ ഭാഗഭാക്കായത് അരലക്ഷത്തിലധികം പേർ. ജില്ലയ്ക്ക് പുറത്തുനിന്ന്് തന്നെ പതിനയ്യായിരത്തോളം പേർ എത്തിയിട്ടുണ്ടെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് തന്നെ വ്യക്തമാക്കി. അറുപതിനായിരം പേരോളം ശുചീകരണത്തിൽ പങ്കെടുത്തതായി മന്ത്രി പറഞ്ഞു. പുളിങ്കുന്ന്, നെടുമുടി, കാവാലം എന്നിവിടങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്.   രാവിലെ ഫിനിഷിങ് പോയിന്റിൽ തന്നെ ആവേശത്തോടെ ചെറുപ്പക്കാരുടെ നിര എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണപ്പൊതികൾ കയറ്റാനും ബോട്ടുകൾ തയ്യാറാക്കാനും പ്രത്യേക സംവിധാനം തന്നെ ഒരുക്കി. മൈക്കിൽ അനൗൺ്‌സ് ചെയ്യുന്നതനുസരിച്ച് നിയോഗിക്കപ്പെട്ടവർ അതത് ബോട്ടുകളിലും ജങ്കാറിലും പോയി. ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും പോകുന്നവർക്ക് നൽകി വിടുകയായിരുന്നു. മുട്ട, പുഴുങ്ങിയ ഏത്തപ്പഴം, ചപ്പാത്തി, വെജിറ്റബിൾ കറി, ഉപ്പുമാവ് തുടങ്ങി ബിസ്‌ക്കറ്റും ബ്രണ്ടും ഉൾപ്പെടെയാണ് ബോട്ടുകൾ പുറപ്പെട്ടത്.
‘എനിക്ക് എല്ലാ പണിയും അറിയാം സർ’ വിഷ്ണു ഒരു പ്രതീകം
തിരുവനന്തപുരത്തുനിന്നെത്തിയ വിഷ്ണു ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ടാണ് ബോട്ട് തയ്യാറാക്കുന്നവർ എങ്ങോട്ട് പോകുന്നുവെന്ന് തിരക്കിയത്. രാവിലെ തന്നെ ഫിനിഷിങ് പോയിന്റിൽ വന്നതാണ്. ജീൻസും ടീഷർട്ടുമാണ് വേഷം. ‘ സർ ഈ ബോട്ട് എങ്ങോട്ട് പോകും.’ പുളിങ്കുന്നിലേക്ക് പോകുന്ന ബോട്ടാണ് അത്. എവിടേക്കാ പോകാൻ നിർദ്ദേശം. വിഷ്ണുവിന്റെ മറുപടി എല്ലാവരെയും തെല്ലൊന്ന് അമ്പരപ്പിച്ചു. സർ ഞാൻ ഒരു എൻജിനിയറാണ്. ഇവിടുത്തെ ആളുകളുടെ കഷ്ടപ്പാടിൽ എന്നാലാവുന്ന സഹായം ചെയ്യാൻ വന്നതാണ്. രജിസ്‌ററർ ചെയ്തിട്ടില്ല. ഏതെങ്കിലും ബോട്ടിൽ ഞാൻ പൊയ്‌ക്കൊള്ളാം. എന്തുപണിയും ചെയ്യാം സർ’. വിഷ്ണു ഒറ്റപ്പെട്ട ശബ്ദമല്ല. സംസ്ഥാനത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യോകിച്ച് മലബാറിൽ നിന്ന് ധാരാളം വിദ്യാർഥികളും പ്രഫണലുകളുമാണ് ശുചീകരണത്തിൽ പങ്കെടുക്കാൻ എത്തിയത്. പലരും രജിസ്‌ററർ ചെയ്യാൻ പോലും നിൽക്കാതെയാണ് കുട്ടനാടിന്റെ ശുചീകരണത്തിൽ പങ്കെടുക്കാൻ ബോട്ടുകയറിയത്.