ആലപ്പുഴ: പ്രളയത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയവർക്ക് കുടിവെള്ളമെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജല അതോറിറ്റി. പൂർണമായും വെള്ളത്താൽ ഒറ്റപ്പെട്ട കുട്ടനാട്ടിൽ വിവിധ സംവിധാനങ്ങളിലൂടെയാണ് കുടിവെള്ളമെത്തിക്കുന്നത്. കുട്ടനാട്ടിലെ ഒമ്പത് പഞ്ചായത്തുകളിൽ പ്രാദേശികമായ കുഴൽ കിണർ കുടിവെള്ള പദ്ധതികൾ വഴിയാണ് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ വെള്ളം കയറിയതോടെ മലിന ജലമാണ് ഇപ്പോൾ ഇതിലൂടെ ലഭിക്കുന്നത്.ഇതിന് പരിഹാരമായി തിരുവല്ലയിലുള്ള ജല ശുദ്ധീകരണശാലയിൽനിന്ന് ടാങ്കറിലും പൈപ്പ്‌ലൈൻ വഴിയും കുടിവെള്ളമെത്തിക്കുന്നുണ്ടെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. െ
പ്രളയത്തിൽ മലിനമായ നീരേറ്റുപുറം ജലശുദ്ധീകരണശാല അടിയന്തിരമായി പുനരുദ്ധരിക്കും.പമ്പയാറ്റിലെ വെള്ളം ക്രമാതീതമായി കയറിയതാണ് നീരേറ്റുപുറം ജലശുദ്ധീകരണ ശാല മലിനമാകാൻ കാരണം. വെള്ളം ഇറങ്ങിത്തുടങ്ങിയ എടത്വ പഞ്ചായത്തിൽ രണ്ടുദിവസത്തിനുള്ളിൽ കുടിവെള്ളവിതരണം പുനസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. എടത്വായിൽ പഞ്ചായത്ത് അധികൃതർ തന്നെ വെള്ളമെത്തിക്കുന്നുണ്ട്.