കുടുംബത്തിനകത്ത് ലിംഗനീതിയെ കുറിച്ച് അവബോധമുണ്ടാക്കിയാല്‍ മാത്രമെ സമൂഹം മാറ്റപ്പെടുകയുള്ളുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പുരുഷാധിപത്യ മൂല്യങ്ങള്‍ ആഴ്ന്നിറങ്ങിയ ചുറ്റുപാടില്‍ സ്ത്രീകള്‍ വിവേചനം നേരിടുമ്പോള്‍ കുടുംബാന്തരീക്ഷത്തിലും സ്ത്രീ വിവേചനം നിലനില്‍ക്കുകയാണ്. ജനാധിപത്യം എന്നത് കുടുംബത്തിനകത്തും നടപ്പിലാക്കണം. ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശം ലഭ്യമാക്കിയാല്‍ മാത്രമെ ഭരണഘടനയില്‍ അന്തര്‍ലീനമായ ലിംഗ നീതി പ്രാവര്‍ത്തികമാകൂവെന്നും പി സതീദേവി പറഞ്ഞു.
നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്നതാണ് ഭരണഘടനയുടെ പ്രസക്തമായ വശം. ജാതി,മത, വര്‍ഗ, വര്‍ണ ലിംഗ വിത്യാസത്തില്‍ അതീതമായി സമഭാവനയുടെ അന്തരീക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന വെച്ച് കൊണ്ട് ലിംഗ നീതിയെ കുറിച്ച് ഇന്നും ചര്‍ച്ച ചെയ്യേണ്ടി വരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ലിംഗ വിവേചനത്തിന്റെ കാര്യം പറയുമ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ലൈംഗിക സ്വത്വം മറച്ച് വെച്ച് അപമാനിതരായ ജീവിതം കേരളത്തിലുണ്ടായിരുന്നു. അവരുടെ മാനസിക ശാരീരിക പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യാനും അവര്‍ക്കായി നയം രൂപീകരിച്ചും കേരള സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് കുട്ടികള്‍ക്ക് ധാരണയുണ്ടാക്കണമെങ്കില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലൈംഗിക വിദ്യാഭ്യാസം സാധ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സ്ഥിരം സമിതി അംഗങ്ങളായ വി.പി ജമീല, കെ.വി റീന, പി സുരേന്ദ്രന്‍, എന്‍.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.പി ഗവാസ്, സുരേഷ് മാസ്റ്റര്‍ വനിതാ കമ്മീഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ, വനിതാ കമ്മീഷന്‍ പി.ആര്‍.ഒ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവര്‍ സംസാരിച്ചു.
ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ കില സ്പെഷ്യലിസ്റ്റ് ഇന്‍ വുമണ്‍ സ്റ്റഡീസ് അമൃത് രാജ്, സ്ത്രീ സഹായ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുല്‍ബാരി എന്നിവര്‍ വിഷയാവതരണം നടത്തി. വനിതാ കമ്മീഷന്‍ മെമ്പര്‍ അഡ്വ.ഇന്ദിരാ ശശി സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.