ജീവിത സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഒരുക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ആധുനിക ശാസ്ത്ര സാങ്കേതിക ലാബായ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തപ്പോള്‍ ആവിഷ്‌കരിച്ച നാല് പ്രധാനപ്പെട്ട വിഷനുകളില്‍ ഒന്നായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് സംസ്ഥാനത്ത് ഉടനീളമുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്‌കൂളുകളെവെല്ലുന്ന രീതിയിലുള്ള കെട്ടിടങ്ങളും ക്ലാസ് റൂമുകളും ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ട്. ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആയി മാറിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ കാലത്തും കൂടുതല്‍ ശക്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നാം മുന്നോട്ടു പോകുന്നു. നീതി അയോഗിന്റെ അവലോകനത്തില്‍ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണന്നും മന്ത്രി പറഞ്ഞു.
ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ തെങ്ങുംകാവ് ഗവണ്‍മെന്റ് എല്‍പിഎസിലെ പ്രഥമ അധ്യാപകനായ ഫിലിപ് ജോര്‍ജിനെയും വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ കലഞ്ഞൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഖില്‍ എസ് കുമാറിനെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. സമഗ്ര ശിക്ഷാ കേരളയില്‍ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ആധുനിക സാങ്കേതിക ലാബായ ടിങ്കറിംഗ് ലാബ്. കുട്ടികളുടെ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്നതിനുമായി ആധുനികമായ ത്രീഡി പ്രിന്റര്‍, ടെലസ്‌കോപ്പ്, ഡ്രോണ്‍, ചെറിയ റോബോട്ടിക് ഉപകരണങ്ങള്‍ തുടങ്ങി വ്യത്യസ്തമായ സാങ്കേതിക ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.
കലഞ്ഞൂര്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ് ടിങ്കറിംഗ് ലാബ് പദ്ധതി വിശദീകരിച്ചു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനപ്രഭ, കോന്നി ബിപിഒ എസ്. ഷൈലജ കുമാരി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.എന്‍. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എം. സക്കീന, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ എസ്. ലാലി പ്രഥമ അധ്യാപിക കെ.എല്‍. ലക്ഷ്മി നായര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.