എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷക്കാരെ എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ ജീവിതം കൂടുതല്‍ മികച്ചതും സുഖപ്രദമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുക എന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. പൊതു ഇടങ്ങളും ഓഫീസുകളും പൊതു ശൗചാലയങ്ങളും ഭിന്ന ശേഷി സൗഹൃദപരമായി മാറ്റി എടുക്കുക എന്ന കര്‍മ പരിപാടിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും റാംപ് സൗകര്യമുള്‍പ്പെടെ വേണം. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

മികച്ച നിലവാരവും മികവും ഉള്ള കലാകാരന്‍മാരാണ് ഇവിടെ വന്നിരിക്കുന്നതെന്നും പരിമിതികളല്ല സാധ്യതകളാണ് ഇവര്‍ക്കുള്ളതെന്നും  മുഖ്യപ്രഭാഷണം നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഉള്ളിലുള്ള കലയെ പിന്തുടരാനുളള പ്രതിഭയും ശേഷിയും ഉള്ളവരാണെന്ന് വരച്ചിടുന്നതാണ് ഉണര്‍വ് 2022 പരിപാടിയെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

പദ്ധതികളുടെ ധനസഹായ വിതരണം ആരോഗ്യ മന്ത്രിയും പ്രതിഭകളെ ആദരിക്കല്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സര്‍ട്ടിഫിക്കറ്റ് വിതരണം പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനിലും നിര്‍വഹിച്ചു. പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും മറ്റ് കാര്യനിര്‍വഹണങ്ങളിലും സഹായിക്കുന്ന പത്തനംതിട്ട കാത്തലിക്കേറ്റ് കോളജിലെയും കോന്നി കിഴക്കുപുറം എസ് എന്‍ ഡി പി യോഗം ആര്‍ട്സ് & സയന്‍സ് കോളജിലെയും എന്‍എസ്എസ് യൂണിറ്റിന് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍,  വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, മൗണ്ട് സിയോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രതിനിധി പ്രൊഫ. ഡോ. കെ മാത്യു,  ബഡ്സ് സ്‌കൂള്‍ പ്രതിനിധി കെ.ആര്‍ രതീഷ്, സ്പെഷ്യല്‍ സ്‌കൂള്‍ പ്രതിനിധി സിസ്റ്റര്‍ പോപ്പി മാത്യു, ഭാരത ദിവ്യാംഗ സമിതി പ്രസിഡന്റ് ശശീന്ദ്രന്‍ പെരുനാട്, തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ് ഫോര്‍ ദ ഡെഫ് തിരുവല്ലയിലെ പ്രതിനിധി ദീപ കെ മാത്യൂസ്, പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍ , നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ.പി രമേശ്, മൗണ്ട് സിയോന്‍ കോളജ് ഓഫ് എഞ്ചിനിയറിംഗ് പ്രതിനിധി പ്രൊഫ. എം.എസ്. അരുണ്‍, പ്രൊഫ. കിരണ്‍ രഘുനാഥ്, ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് എസ്.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ച കലാകായിക പരിപാടികളില്‍ ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ അംഗങ്ങളും സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. തേപ്പുപാറ ജീവമാത കാരുണ്യ ഭവന്‍, കടമനിട്ട മൗണ്ട് സിയോണ്‍ കോളജ് ഓഫ് എഞ്ചിനിയറിംഗ്, ബഡ്സ്/ബി ആര്‍ സി അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.