ജില്ലാ കേരളോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ ജനപ്രതിനിധികൾക്കും യുവജന സംഘടനാ പ്രതിനിധികൾക്കും ജയം. മത്സര സമയത്ത് 1-1 നും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിൽ 3-3 നും സമനില പാലിച്ചതിനെ തുടർന്നാണ് ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചത്.
ഡിസംബർ ഏഴു മുതൽ 12 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ പ്രചരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. കാരപ്പറമ്പിലെ ടർഫിൽ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കിക്കോഫ് ചെയ്തു.ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, യുവജന സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
സൗഹൃദ മത്സരത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ടീം അണിനിരന്നപ്പോൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ടീമും രംഗത്തിറങ്ങി. മാധ്യമപ്രവർത്തകൻ ജൈസൽ ബാബുവിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരുടെ ടീമും കൂടി കളത്തിൽ ഇറങ്ങിയപ്പോൾ ഫുട്ബോൾ പ്രേമികളുടെ ആവേശം കൂടി.
വി വസീഫിന്റെ നേതൃത്വത്തിലാണ് യുവജന സംഘടനാ പ്രതിനിധികളുടെ ടീം കളിക്കാനിറങ്ങിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ യുവജന സംഘടനകൾ ഒന്നിച്ചണിനിരന്നത് കാണികൾക്ക് കൗതുക ക്കാഴ്ചയായി .ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ജനപ്രതിനിധികൾ 3 – 1 ന് വിജയിച്ചു. യുവജന സംഘടനാ പ്രതിനിധികളും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന വാശിയേറിയ രണ്ടാം മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ യുവജന സംഘടനാ പ്രതിനിധികളുടെ ടീം വിജയിച്ചു.
ചടങ്ങിൽ എഴുത്തുകാരൻ വി.ആർ സുധീഷിന്റെ ‘പന്തുരുളുമ്പോൾ പറവകൾ പറക്കുന്നു’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മൊയ്തീൻകുട്ടി, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ വിനോദ് പൃത്തിയിൽ, എഴുത്തുകാരൻ വി.ആർ സുധീഷ്, നടൻ ദേവരാജ് ദേവ്, പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനാമിക ലിയോ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടകസമിതി കോർഡിനേറ്റർ ജില്ലാ പഞ്ചായത്ത് അംഗം പി.ഗവാസ് സ്വാഗതം പറഞ്ഞു.