ജീവിതശൈലി രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിയുടെ ഭാഗമായി സർവ്വേ പ്രവർത്തനങ്ങൾക്ക് വേളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ തുടക്കമായി.ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജീവതാളം. ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുൻകരുതൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി 18 വയസ്സ് കഴിഞ്ഞവരുടെ ജീവിതശൈലിരോഗ പരിശോധനയും രോഗികളായവർക്ക് മരുന്ന് വിതരണവും തുടർചികിത്സയും ഉറപ്പുവരുത്തും. ജനപ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ സർവ്വേയിൽ പങ്കാളികളായി.