പത്തനംതിട്ട: മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ കോയിപ്രം ക്ഷീരസംഘത്തില്‍ സൗജന്യ കാലിത്തീറ്റ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോണ്‍ ചാണ്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്.എം സാബു പദ്ധതിവിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അംബികാദേവി, ഡോ. എം മാത്യു എന്നിവര്‍ സംസാരിച്ചു. പ്രളയത്തെ അതിജീവിച്ചെങ്കിലും വളര്‍ത്ത് മൃഗങ്ങളെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിന്റെ ഭാഗമായാണ് മൃഗസംരക്ഷണവകുപ്പ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കാലിത്തീറ്റ വിതരണം മുതല്‍ മൃഗങ്ങള്‍ക്ക് വാക്സിനേഷന് എടുക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്ന് വരുന്നത്. കോയിപ്രം, റാന്നി, പെരുനാട്, നാല്ക്കാലിക്കല്, കിടങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഇതിനോടകം സൗജന്യ കാലിത്തീറ്റ വിതരണം നടന്നത്. കൂടാതെ കാട്ടൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കാട്ടൂര്‍ മൃഗാശുപത്രിയില്‍ നിന്നും വൈക്കോല്‍, കാലിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവ വിതരണം ചെയ്തു. തോട്ടപ്പുഴശേരി പഞ്ചായത്തില്‍ കുറിയന്നൂര്‍ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ തോട്ടപ്പുഴശേരി ആപ്കോസ് മാരാമണ്‍, നെടുംപ്രയാര്‍ ആപ്കോസ്, ചിറയിറമ്പ് , നിരണം പഞ്ചായത്തിലെ നിരണം വെസ്റ്റ്, നിരണം സെന്‍ട്രല്‍ ആപ്കോസ്, വടക്കുംഭാഗം വെറ്റിനറി സബ്സെന്റര്‍ എന്നിവിടങ്ങളില്‍ മൃഗക്ഷേമ ക്യാമ്പുകള്‍ നടത്തി.
