പത്തനംതിട്ട ജില്ലയെ പ്രളയം വിഴുങ്ങിയ ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണുകളും മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തുണയായത് പോലീസിന്റെ വയര്‍ലെസ് സംവിധാനം. പ്രളയജലത്തില്‍ റാന്നി മേഖലയില്‍ ടെലിഫോണ്‍ കമ്പനികളുടെ ജനറേറ്ററുകളിലും മറ്റും വെള്ളം കയറിയതോടെ ടെലിഫോണ്‍ ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു.  ഇതോടെ വിവരങ്ങള്‍ കൈമാറാനുള്ള ആശ്രയം പോലീസിന്റെ വയര്‍ലെസ് സംവിധാനം മാത്രമായിരുന്നു.
ജില്ലയിലെ ചില സ്ഥലങ്ങളില്‍ സാധാരണ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായതോടെ ഇത്തരം പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം കൂടുതലും വയര്‍ലെസ് സംവിധാനത്തിലൂടെയായിരുന്നു. പൊതു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലക്കപ്പെട്ട പമ്പ, സന്നിധാനം എന്നിവിടങ്ങളുമായി ബന്ധപ്പെടുവാനുള്ള ഏകമാര്‍ഗം പോലീസിന്റെ വയര്‍ലെസ് സെറ്റുകള്‍ മാത്രമായിരുന്നു. ഇതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, രക്ഷാപ്രവ ര്‍ത്തകര്‍ എന്നിവര്‍ക്ക് തുണയായത് വയര്‍ലെസ് സംവിധാനമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ബോട്ടുകള്‍,          വള്ളങ്ങള്‍ എന്നിവയുടെ വിന്യാസത്തിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും വയര്‍ലെസ് സംവിധാനം ഏറെ സഹായകരമായി. സംസ്ഥാനതലത്തി ല്‍ പോലീസ് വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ ഏകോപനം നിര്‍വഹിച്ചത് ടെലികമ്മ്യൂണിക്കേഷന്‍ സൂപ്രണ്ട്  ജെ.ജയനാഥ് ഐപിഎസും ഡിവൈഎസ്പി ഡി.ആനന്ദുമാണ്. ജില്ലയിലെ വയര്‍ലെസ് സംവിധാനങ്ങളുടെ നിയന്ത്രണം നിര്‍വഹിച്ചത് ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്കുട്ടിയും സംഘവുമാണ്.