പത്തനംതിട്ട: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. പ്രളയബാധിത മേഖലകളിലെ       പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലൂടെയും ഊര്‍ജിത രോഗപ്രതിരോധ നടപടികള്‍ നടന്നുവരുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ സ്വകാര്യ മെഡിക്കല്‍ ടീമുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയുടെ എല്ലാ ഭാഗത്തും പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ആരോഗ്യസേന എന്ന മെഡിക്കല്‍ സംഘത്തിന്റെ കീഴില്‍ വോളന്റിയേഴ്‌സിനെ നിയോഗിച്ചുകൊണ്ട് പ്രളയം ദുരിതം ബാധിച്ച 24 പഞ്ചായത്തുകളിലെ 433 വാര്‍ഡുകളില്‍ 100 വീടുകളില്‍     രണ്ട് വോളന്റിയര്‍ എന്ന കണക്കില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തും. ഇതിനായി ഡോക്ടര്‍മാക്കും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കി.
കുടിവെള്ള സ്രോതസ്സുകള്‍ മലിനമായതിനാല്‍ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്ന ആളുകള്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കേണ്ടതാണ്. ഇവ ആഴ്ചയില്‍ രണ്ട് പ്രവശ്യം വീതമാണ് കഴിക്കേണ്ടത്. ഗുളികകള്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. വെള്ളം കയറി ചെളിയടിഞ്ഞ ഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ആസ്മ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ പൊടി ശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വീടുകളിലെത്തുന്ന വോളന്റിയേഴ്‌സ് പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തതാണോ എന്ന് ഉറപ്പുവരുത്തും. ഇത് ചെയ്യാത്ത വീടുകളില്‍ ക്ലോറിനേഷന്‍ നടത്തും. ഏത് അടിയന്തരഘട്ടങ്ങളിലും ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ സേവനവും ലാബ് സൗകര്യം, മരുന്നുകള്‍ തുടങ്ങിയവും ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.