* സംസ്ഥാന സേനകളെ ആദരിച്ചു

ദുരന്തം നേരിടുന്നതിൽ സന്ദർഭത്തിനൊത്ത് സംസ്ഥാനത്തെ സേനകൾ നടത്തിയ പ്രവർത്തനം നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രയിക്കാൻ കഴിയുന്നവരാണ് രക്ഷാസേനയിലുള്ളവരെന്ന ചിന്ത ജനങ്ങളിലുണ്ടാക്കാൻ ഓരോ സേനാംഗങ്ങളും പ്രവർത്തനത്തിലൂടെ തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എക്‌സൈസ്, ജയിൽ, വനംവകുപ്പ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ദുരന്തകാലത്തെ പ്രവർത്തനം എല്ലാ സേനാവിഭാഗങ്ങളുടെയും അന്തസ്സുയർത്തി. ഇത് സേവനചരിത്രത്തിലെ തിളക്കമാർന്ന ഏടാണ്. ദുരന്തബാധിത പ്രദേശത്തെ പൊതു ചുമതല ജില്ലാ കളക്ടർമാർക്കായിരുന്നുവെങ്കിൽ, രക്ഷാപ്രവർത്തന ചുമതല പോലീസിനായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ആ ചുമതല സ്തുത്യർഹമായി നിർവഹിച്ചുവെന്നത് സേനയ്ക്ക് അഭിമാനമാണ്.
പതർച്ച കൂടാതെ രക്ഷാപ്രവർത്തനം നടത്താൻ വലിയ തോതിലുള്ള ധീരത എല്ലാവരും കാണിച്ചു. ഒറ്റ മനസോടെ രക്ഷാപ്രവർത്തനം നിറവേറ്റാൻ എല്ലാവരും ശ്രദ്ധിച്ചു. മുന്നിൽനിന്ന് പ്രവർത്തിക്കാനായ നമ്മുടെ സേനാവിഭാഗങ്ങളുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനം ദുരന്തത്തിന്റെ മാരകാവസ്ഥ കുറയ്ക്കാൻ സഹായിച്ചു. കേന്ദ്രസേനകളും, അർധസൈനിക വിഭാഗങ്ങളും, മത്‌സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ആദ്യം ഓടിയെത്തുകയും പിന്നീട് വന്ന സേനകളെ കൂട്ടിയോജിപ്പിക്കുകയും ചെയ്തത് പോലീസ് ഉൾപ്പെടെയുള്ള നമ്മുടെ സേനകളാണ്. ഈ മഹാപ്രളയം നേരിടാൻ നമ്മുടെ സേനാവിഭാഗങ്ങൾ കാണിച്ച ശുഷ്‌കാന്തിയും വൈദഗ്ധ്യവും പ്രശംസനീയമാണ്.
വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായപ്പോൾ പോലീസിന്റെ സംവിധാനമാണ് ഉപയോഗിച്ചത്. മത്‌സ്യത്തൊഴിലാളികളെ ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ എത്തിച്ചതും പോലീസായിരുന്നു. ഇൻറലിജൻസ് സംവിധാനവും ഫലപ്രദമായി പ്രവർത്തിച്ചു. ഒറ്റത്തോർത്തുടുത്ത് 200 ഓളം പേരെ രക്ഷിച്ച എസ്.ഐമാർ ഉൾപ്പെടെ സേനയിലുണ്ടായിരുന്നു.
കോസ്റ്റൽ പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, മോട്ടോർ വാഹന വകുപ്പ്, വനംവകുപ്പ് ജീവനക്കാരും സ്തുത്യർഹമായ പങ്ക് വഹിച്ചു. ഫയർ ആൻറ് റസ്‌ക്യൂവിന്റെ കമ്യൂണിറ്റി റസ്‌ക്യൂ വോളണ്ടിയർമാരുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് വകുപ്പിനെ പ്രതിനിധീകരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എക്‌സൈസ് വകുപ്പിനുവേണ്ടി എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്്, ഫയർ ആൻറ് റെസ്‌ക്യൂവിനുവേണ്ടി ഡി.ജി.പി എ. ഹേമചന്ദ്രൻ, വനംവകുപ്പിനുവേണ്ടി മുഖ്യ വനപാലകൻ പി.കെ. കേശവൻ, ജയിൽ വകുപ്പിനുവേണ്ടി ഡയറക്ടർ ആർ. ശ്രീലേഖ, മോട്ടോർ വാഹന വകുപ്പിനുവേണ്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ. പത്മകുമാർ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ വിവിധ സേനാവിഭാഗങ്ങൾ അണിനിരന്ന പരേഡിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
ഇസൂസു കമ്പനി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സൗജന്യമായി നൽകിയ അഞ്ച് വി ക്രോസ് പിക്ക് അപ്പ് ട്രക്കുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു.

ഇന്ത്യാ റിസർവ് ബറ്റാലിയന്റെ രണ്ടു പ്ലാറ്റൂൺ, റാപിഡ് റെസ്‌ക്യൂ ആൻറ് റെസ്‌ക്യൂ ഫോഴ്‌സ്, വനിതാ ബറ്റാലിയൻ, ഡിസ്ട്രിക്ട് ഫോഴ്‌സിന്റെ മൂന്ന് പ്ലാറ്റൂൺ, മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ആൻറ് റസ്‌ക്യൂ, കോസ്റ്റൽ പോലീസ്, എം.എസ്.പി, എസ്.എ.പി, കെ.എ.പി യുടെ അഞ്ച് പ്ലാറ്റൂൺ എന്നിങ്ങനെ 20 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്.
ചടങ്ങിൽ മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ശശി തരൂർ എം.പി, കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, മറ്റു സേനകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.