ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് കളക്ടറേറ്റിലെത്തണമെന്ന് കളക്ടര്‍
കാക്കനാട്: പ്രളയദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായമെത്തിക്കാന്‍ വിവിധ താലൂക്കുകളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകള്‍ക്ക് ഇന്ന് (സെപ്റ്റംബര്‍ 2) പ്രവര്ത്തനദിവസമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കായി . സെപ്തംബര്‍ ഏഴ് വരെ ഈ ബാങ്കുകള്‍ വൈകിട്ട് ആറു മണി വരെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രത്യേക ചുമതലകള്‍ വഹിച്ചിട്ടില്ലാത്ത ജില്ലയിലെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും ഇന്ന് (സെപ്റ്റംബര്‍ 2) രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്നും കലക്ടര്‍ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക് ദര്‍ബാര്‍ഹാള്‍ റോഡ് എറണാകുളം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വടക്കന്‍ പറവൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലുവ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ എന്നീ ബാങ്ക് ശാഖകള്‍ക്കാണ് ഉത്തരവ് ബാധകം. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ബാങ്കുകളില്‍ മുന്‍ഗണന നല്‍കണമെന്നും കളക്ടര്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്കി.
പ്രളയദുരിത ബാധിതര്‍ക്ക് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ ഇന്നലെ (സെപ്തം 1) വൈകിട്ടോടെ 20200 കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ നടപടിയായതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഇന്നു (സെപ്തം 2) വൈകിട്ടോടെ 15,000 കുടുംബങ്ങള്‍ക്ക് കൂടി ധനസഹായം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാകും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തഹസില്‍ദാര്‍മാര്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറുന്നത്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സമാഹരിച്ച വിവരങ്ങളുടെ ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രിക്കായി കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ പ്രത്യേക സെല്‍ ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങി. കോളേജ് വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും സെല്ലില്‍ പ്രവര്‍ത്തിക്കുന്നു. സെല്ലിലെ 80 വോളന്റിയര്‍മാര്‍ അടക്കം 330 പേരാണ് ജില്ലയില്‍ ഒരേ സമയം ഡാറ്റ എന്‍ട്രി നടത്തുന്നത്. ക്രോഡീകരിക്കുന്ന വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ക്ക് തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകും.
പ്രളയം ഏറെ നാശം വിതച്ച പറവൂര്‍, ആലുവ താലൂക്കുകളിലെ ദുരിതാശ്വാസ നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എ.ഡി.എം. എം.കെ.കബീര്‍, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ എം.വി.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആലുവ താലൂക്കിലും ഫോര്‍ട്ടുകൊച്ചി ആര്.ഡി.ഒ. എസ്.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പറവൂരും സന്ദര്‍ശനം നടത്തി. അടിയന്തര ധനസഹായം, ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും അടങ്ങിയ കിറ്റുകളുടെ വിതരണം എന്നിവയിലെ പുരോഗതിയാണ് സംഘം വിലയിരുത്തുന്നത്.
ധനസഹായ വിതരണം വേഗത്തിലാക്കാന്‍
കളക്ടറേറ്റില്‍ പ്രത്യേക സെല്‍
കാക്കനാട്: പ്രളയദുരിത ബാധിതര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള ഡാറ്റ എന്‍ട്രി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കളക്ടറേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റിലെ പരിഹാരം സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രവര്‍ത്തനം.
അക്ഷയസംരംഭകര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന 80 അംഗ സംഘം രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഇന്നലെയും ഇന്നുമായി (സെപ്തം 01, 02) തീയതികളില്‍ നാല് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കാനാകും. കൂടുതല്‍ ദുരിതബാധിതരുള്ള ആലുവ, പറവൂര്‍ താലൂക്കുകളിലെ വിവരശേഖരണം സുഗമമാക്കുകയാണ് സെല്‍ പ്രാഥമികമായി ലക്ഷ്യമിടുന്നത്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ വഴി നടത്തുന്ന വിവരശേഖരണത്തിനു പുറമെയാണ് സെല്ലിന്റെ പ്രവര്‍ത്തനം. ഡാറ്റ എന്‍ട്രിക്കൊപ്പം സൂക്ഷ്മപരിശോധനയും സെല്ലില്‍ നടക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും പ്രത്യേക സെല്ലിലുമടക്കം പ്രതിദിനം 330 പേരാണ് ഡാറ്റ എന്‍ട്രി നടത്തുന്നത്. ക്രോഡീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാരാണ് പണം അനുവദിക്കുന്നത്. ഗ്രാമവികസന വകുപ്പിനാണ് വിവരശേഖരണത്തിന്റെ മേല്‍നോട്ടച്ചുമതല.
ദുരിതാശ്വാസം: ജീവനക്കാര്‍ ഹാജരാകണം
കാക്കനാട്: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രത്യേക ചുമതലകള്‍ വഹിച്ചിട്ടില്ലാത്ത ജില്ലയിലെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും ഇന്ന് (സെപ്റ്റംബര്‍ 2) രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ വിവിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കോ ഓഡിനേറ്റര്‍മാരെയും നിയോഗിച്ചു. കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ ഗീത കാണിശ്ശേരി, ഇന്സ്പെക്ഷന് വിഭാഗം സീനിയര്‍ സൂപ്രണ്ട് ബീന.പി. ആനന്ദ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ ശ്യാമലക്ഷ്മി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആശ രവി എന്നിവരാണ് കോ ഓഡിനേറ്റര്‍മാര്‍. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ ദുരന്തനിവാരണ നിയമം ത്തിലെ വകുപ്പ് പ്രകാരം മേലധികാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.