കൊച്ചി: നഗരത്തില്‍ വെള്ളം കയറിയതറിഞ്ഞ് കാണാന്‍ എത്തിയതായിരുന്നു സവീഷും കൂട്ടുകാരും. എന്നാല്‍ അവിടെ കണ്ട കാഴ്ച അവരുടെ ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും മായുന്നില്ല. വെള്ളപ്പൊക്കം സമ്മാനിച്ച മുറിവുകളുടെ നീറ്റലുകള്‍ ഇപ്പോഴും ശരീരത്തിലുടനീളമുണ്ടെങ്കിലും കുറെ ജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ ചെറുപ്പക്കാര്‍. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയും മൂവാറ്റുപുഴയാര്‍ നിറഞ്ഞ് കവിയുകയും ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് മാസം മൂവാറ്റുപുഴയില്‍ ദുരിതത്തിന്റെ നാളുകളായിരുന്നു. ജൂലൈ മാസം അവസാനമുണ്ടായ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ നിന്നും മൂവാറ്റുപുഴ കര കയറിക്കൊണ്ടിരിക്കുമ്പോഴാണ് കേരളം ഇത് വരെ കാണാത്ത വെള്ളപ്പൊക്കം മൂവാറ്റുപുഴയിലും എത്തുന്നത്. രണ്ട് നില കെട്ടിടങ്ങള്‍ പോലും വെള്ളത്തിനടിയിലായി. നേവിയുടെയും എയര്‍ ഫോഴ്‌സിന്റെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പേ എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും ആര്‍.ഡി.ഒയുടെയും തഹസില്‍ദാറിന്റെയും ഇടപെടലിലൂടെ നാട്ടുകാര്‍ക്കിടയില്‍ ആറ് ഗ്രൂപ്പുകളായി രക്ഷാപ്രവര്‍ത്തകരെ സജ്ജരാക്കി.
കാറ്ററിംഗ് ജോലിക്കാരായ സവീഷ്, വിജേഷ്, അനന്തകൃഷ്ണന്‍, അരവിന്ദ്, വിനോദ്, സന്തോഷ്, വിഷ്ണു, അരുണ്‍ എന്നിവരടങ്ങിയ സംഘം ട്യൂബുകളിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഇവരെ കൂടാതെ സ്പീഡ് ബോട്ടുകളിലും ഫൈബര്‍ ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായിരുന്നു നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. പല വീടുകളിലും മേല്‍ക്കൂരകള്‍ തകര്‍ത്ത് വരെ രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ പുറത്തിറക്കുകയായിരുന്നു. ഷാജി സെയ്തുമുഹമ്മദ് എന്ന വ്യക്തി സ്വയം വികസിപ്പിച്ചെടുത്ത ജലസുരക്ഷ ഉപകരണമായ ഫ്‌ളോട്ടിലയിലൂടെ ഇരുന്നൂറ്റി അന്‍പതിലേറെ ജീവന്‍ രക്ഷിക്കാനായി. മുപ്പതോളം ഫ്‌ളോട്ടിലകളാണ് മുവാറ്റുപുഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. വിവിധ സ്ഥലങ്ങളിലും ഷാജിയുടെ ഫ്‌ളോട്ടിലകള്‍ ഉപയോഗിച്ചു. ജില്ല ഭരണകൂടം 50 ഫ്‌ളോട്ടിലകള്‍ വാടകയ്ക്ക് എടുത്തു. നേവി 1500 ഫ്‌ളോട്ടിലകള്‍ ആവശ്യപ്പെട്ടതില്‍ 1200 എണ്ണം നല്‍കി.
മൂവാറ്റുപുഴ നഗരസഭ, പായിപ്ര, മാറാടി, വാളകം, ആയവന, ആവോലി, പൈങ്ങോട്ടൂര്‍, ആരക്കുഴ, പോത്താനിക്കാട്, മാഞ്ഞൂര്‍ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്ന് എണ്ണം രണ്ടര മീറ്ററും രണ്ടെണ്ണം രണ്ട് മീറ്ററുമാണ് ആദ്യം ഉയര്‍ത്തിയത്. മഴ ശക്തി പ്രാപിച്ചതോടെ മൂന്ന് ഷട്ടറുകളും മൂന്ന് മീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ എം.എല്‍.എ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് രണ്ടര മീറ്റര്‍ ആയിത്തന്നെ ഷട്ടര്‍ നിലനിര്‍ത്തി. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വെള്ളത്തിന്റെ അളവ് നിയന്ത്രണ വിധേയമായി.
ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയവരെ 93 ക്യാമ്പുകളിലായാണ് പാര്‍പ്പിച്ചിരുന്നത്. 31,000 ത്തോളം പേര്‍ ക്യാമ്പിലുണ്ടായിരുന്നു.
പ്രളയക്കെടുതിയില്‍ മൂവാറ്റുപുഴയ്ക്ക് ആകെ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വ്യാപാര മേഖലയില്‍ മാത്രം 100 കോടി രൂപയുടെ നഷ്ടമുണ്ടായി. അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ പല സാധനങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ കുമിഞ്ഞ് കൂടി കിടക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ചാണ് ഇവ നീക്കി.
ആയവന ഗ്രാമ പഞ്ചായത്തിലെ തോട്ടഞ്ചേരി-കടുംപിടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച തോട്ടഞ്ചേരി തൂക്കുപാലം മലവെള്ളപാച്ചിലില്‍ ഒലിച്ച് പോയിരുന്നു. മൂവാറ്റുപുഴ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. മൂന്ന് നിലകളുള്ള ആശുപത്രിയുടെ രണ്ട് നിലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ രേഖകളും മരുന്നുകളും അത്യാധുനിക ഉപകരണങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആശുപത്രി ശുചിയാക്കുകയും പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കെല്ലാം എം.എല്‍.എയുടെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 8000 ത്തലധികം കിറ്റുകളാണ് ഇത് വരെ വിതരണം ചെയ്തത്. നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യ ധാന്യ കിറ്റ് നല്‍കി. മൂവാറ്റുപുഴ നഗരസഭ, മാറാടി, വാളകം, പായിപ്ര, പൈങ്ങോട്ടൂര്‍, ആരക്കുഴ, ആവോലി, ആയവന പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം  ചെയ്തത്. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടടവര്‍ക്ക് വേണ്ടി ഫണ്ട് സമാഹരണം നടത്തുകയും ഒരാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു.
പ്രളയത്തില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കി. ഇവരെ അതത് തൊഴില്‍ ഇടങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കും. ഇവരുടെ ഭാവി മുന്നില്‍ കണ്ട് നൂറ് അംഗങ്ങളുടെ ഒരു സേന രൂപീകരിക്കും. ഇതിനായി പരിചയ സമ്പന്നരായ വിരമിച്ച ജവാ•ാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. മൂവാറ്റുപുഴയാറിന് തീരത്ത് താമസിക്കുന്ന ഇരുപത്തഞ്ചിലധികം കുടുംബങ്ങള്‍ ഇന്ന് അപകട ഭീഷണിയിലാണ്. അവരെ അവിടെ നിന്ന് മാറ്റേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
മൂവാറ്റുപുഴ ഗവ:യു .പി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുടുംബത്തിലെ നാല് പെണ്‍കുട്ടികള്‍ക്ക് വീട് നഷ്ടമായിരുന്നു. അവരുടെ പുനരധിവാസത്തിനും പുതിയ വീട് നിര്‍മ്മിച്ച് നല്‍കുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ്. 600 ലധികം പേര്‍ ദിവസവും ശുചീകരണ ജോലികള്‍ ചെയ്ത് വരുന്നു. തകരാറിലായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവരുടെ സഹായത്തോടെ സൗജന്യമായി  വീടുകള്‍ തോറും ശരിയാക്കി നല്‍കുന്നുണ്ട്. കിണറുകളുടെ ശുചീകരണവും പൂര്‍ത്തിയായി. നഗരത്തിലുള്ള മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു.
പല മേഖലകളിലുള്ള ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് മൂവാറ്റുപുഴയിലെ ഓരോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഫലപ്രാപ്തിതിയിലെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സേവനങ്ങളും സ്തുത്യര്‍ഹമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ശുചീകരണത്തില്‍ വരെ എല്ലാ കാര്യങ്ങളിലും ഫയര്‍ഫോഴ്‌സിസിന്റെ സേവനം ഉണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ജില്ല പഞ്ചായത്തംഗം എന്‍. അരുണ്‍, അസീസ് കുന്നപ്പള്ളി, ഫൈസല്‍ മംഗലശ്ശേരി, സച്ചിന്‍ ജമാല്‍, സുധിന്‍ വാമറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.