ശുദ്ധമായ കുടിവെള്ളം പഞ്ചായത്തുകള്‍ വിതരണം ചെയ്യണം
പത്തനംതിട്ട ജില്ലയില്‍ പ്രളയബാധിത ആനുകൂല്യത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉടന്‍ തയാറാക്കണമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശം നല്‍കി. പ്രളയ ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിത മേഖലകളില്‍ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ചുമതല ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കായിരിക്കും. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതു മൂലം ഏതെങ്കിലും സ്ഥലത്ത് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഉത്തരവാദിത്വം. വാട്ടര്‍ അതോറിറ്റിയുടെ ഉറവിടങ്ങളില്‍ നിന്നും ആവശ്യമായ ശുദ്ധജലം വിതരണത്തിന് നല്‍കും. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ വിഭാഗം അംഗീകരിച്ചു നല്‍കിയിട്ടുള്ള ഉറവിടങ്ങളില്‍ നിന്നുള്ള കുടിവെള്ളം മാത്രമേ വിതരണം ചെയ്യാവു.  പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി തിളപ്പിച്ച് ആറിയ ജലം മാത്രമേ എല്ലാവരും കുടിയ്ക്കാവുയെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്ന് എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നിര്‍ദേശിച്ചു. റോഡ് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരം നിയോജകമണ്ഡ അടിസ്ഥാനത്തില്‍ രണ്ടു പാക്കേജുകള്‍ തയാറാക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. അടിയന്തിര അറ്റകുറ്റപ്പണി, സ്ഥിരമായ നവീകരണം എന്നിങ്ങനെ രണ്ടു പാക്കേജുകളായിരിക്കും തയാറാക്കുക. ജില്ലയിലെ 2039 കിലോമീറ്റര്‍ റോഡില്‍ 610 കിലോമീറ്ററാണ് വെള്ളപ്പൊക്കത്തില്‍ തകരാര്‍ സംഭവിച്ചിട്ടുള്ളത്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി വരുകയാണ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡര്‍ ഈമാസം 10ന് തുറക്കും. ഒക്ടോബര്‍ 31ന് അകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ശബരിമല റോഡുകളുമായി ബന്ധപ്പെട്ട് 57 കോടി രൂപയുടെ 121 പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തിട്ടുളളത്. വെള്ളപ്പൊക്കം മൂലം റോഡിലുണ്ടായ ചെളി നീക്കുന്ന പ്രവര്‍ത്തനം 90 ശതമാനം പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ശബരിമല പാതയില്‍ മണ്ണിടിഞ്ഞതു നീക്കം ചെയ്തു. ഗവി റോഡ് മൂഴിയാര്‍ മുണ്ടന്‍പാറ ഭാഗത്ത് 14 കിലോമീറ്റര്‍ പൂര്‍ണമായി ഒലിച്ചു പോയി. ഇത് സംരക്ഷണഭിത്തി കെട്ടി പുനര്‍നിര്‍മിക്കേണ്ടി വരും. റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യമായ പാറ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഇതുപ്രകാരം പ്രളയവുമായി ബന്ധപ്പെട്ട് ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് യോഗം കളക്ടറോടു ശിപാര്‍ശ ചെയ്തു.
റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തിരുവല്ല-മാവേലിക്കര റോഡിന്റെ ഇരുവശവും മഴയെ തുടര്‍ന്ന് അപകടകരമായ നിലയില്‍ താഴ്ന്നതിനു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. തുലാ മഴയ്ക്കു മുന്‍പായി ജില്ലയിലെ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ഓമല്ലൂര്‍-കൈപ്പട്ടൂര്‍ റോഡ്, മഞ്ഞനിക്കര-ഇലവുംതിട്ട-മുളക്കഴ റോഡ് എന്നിവ ഉള്‍പ്പെടെ ആറന്മുള നിയോജകമണ്ഡലത്തിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കെ.പി. റോഡ്, ആനയടി-പഴകുളം റോഡ് എന്നിവ ഉള്‍പ്പെടെ അടൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ചിറ്റാറില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയ്യാറ്റുപുഴ-കുളങ്ങരവാലി റോഡ്, സീതത്തോട് -മുണ്ടകന്‍പാറ-ഗുരുനാഥന്‍ മണ്ണ് റോഡ്, മല്ലശേരി – ചൈനാമുക്ക് റോഡ് എന്നിവ ഉള്‍പ്പെടെ കോന്നി നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞിട്ടുള്ള മണ്ണ് വ്യാവസായികമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
പ്രളയത്തിനിരയായ ആറന്മുള പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉപയോഗിക്കാന്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം യോഗത്തില്‍ അറിയിച്ചു. വെള്ളം കയറിയ മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തും.
വെള്ളം കയറിയ വീടുകള്‍ വാസയോഗ്യമാണോയെന്നു കണ്ടെത്തുന്നതിനുള്ള സര്‍വേ ഊര്‍ജിതമായി നടന്നു വരുകയാണെന്ന് എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പഞ്ചായത്തുകളിലെ എന്‍ജിനിയര്‍മാരും പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനിയര്‍മാരും സംയുക്തമായാണ് വീടുകളുടെ ഫിറ്റ്‌നെസ് പരിശോധന നടത്തുന്നത്.
എലിപ്പനിക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്(ആരോഗ്യം) യോഗം നിര്‍ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ച് ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനവും ശക്തമായി നടത്തണമെന്നും എംഎല്‍എമാര്‍ പറഞ്ഞു. മതിയായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നതായി ഡിഎംഒ പറഞ്ഞു. നൂറു വീടിന് രണ്ട് വോളന്റിയര്‍മാര്‍ വീതം പ്രളയ ബാധിത മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച് എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. നിലവില്‍ ആറു ലക്ഷം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇനി അധികമായി വേണ്ടി വരുന്ന പ്രതിരോധ ഗുളികയ്ക്കുള്ള മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എലിപ്പനി പിടിപെട്ട് ആദ്യമൂന്നു ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗം പൂര്‍ണമായി സുഖപ്പെടുത്താമെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് യോഗത്തില്‍ അറിയിച്ചു. പനിയുള്ള എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടണമെന്നും കണ്‍സള്‍ട്ടന്റ് പറഞ്ഞു. എലിപ്പനിക്കെതിരേ സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
 പ്രളയബാധിത മേഖലയില്‍ ആരോഗ്യവകുപ്പ് ഏഴ് പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങി. രണ്ടു ക്ലിനിക്കുകള്‍ തിങ്കളാഴ്ച ആരംഭിക്കും.ഇതുവരെ 515 ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തുകയും 46343 പേരെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിന് ഇരയായ പന്തളം പ്രാഥമികാരോഗ്യ കേന്ദ്രവും ചാത്തങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തനം പുനരാരംഭിച്ചു. ശുചീകരണത്തിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ ആവശ്യമായ എല്ലാ സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയര്‍ തുറക്കണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു.
ജനവാസ മേഖലകളില്‍ എല്ലാവര്‍ക്കും പ്രയോജനകരമാകും വിധം ആദ്യ ഘട്ടത്തില്‍ 10 വീടിന് ഒരു കിണര്‍ എന്ന നിലയില്‍ ശുചീകരിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കിണര്‍ ശുചീകരണം ഗൗരവമായി എടുക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. റാന്നിയില്‍ കുടിവെള്ള ക്ഷാമമുണ്ടെന്നും കിണറുകള്‍ ശുചീകരിക്കുന്നതിന് കൂടുതല്‍ പമ്പുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇരവിപേരൂര്‍ പുതുക്കുളങ്ങരയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പന്തളം, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളില്‍ കിണര്‍ മലിനമായതു മൂലം ശുദ്ധജലം കിട്ടുന്നില്ലെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കിണര്‍ ശുചീകരണത്തിന് കൂടുതല്‍ പമ്പുകള്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വിതരണത്തിനായി കുടിവെള്ളം ശേഖരിക്കാവുന്ന ഉറവിടങ്ങളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഏഴ് സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരെ കൂടി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കുടിവെള്ള ഉറവിടത്തിനു പുറമേ സ്‌കൂളുകളിലെ കുടിവെള്ളത്തിന്റെ സാമ്പിളും സ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്. സോഡ നിര്‍മാണ യൂണിറ്റുകള്‍, ശീതളപാനീയ കടകള്‍ എന്നിവിടങ്ങളും പരിശോധിച്ചു വരുന്നു. കുടിവെള്ള വിതരണം നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് എടുത്തിരിക്കണം.
കക്കൂസുകള്‍ ശുചീകരിക്കുന്നതിന് നിലവിലുള്ള എല്ലാ സാങ്കേതികവിദ്യകളും പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്നതിന് ജില്ലാ ശുചിത്വമിഷനെ യോഗം ചുമതലപ്പെടുത്തി. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെ ശൗചാലയങ്ങളും ശുചീകരിക്കണമെന്ന് എംഎല്‍എമാര്‍ നിര്‍ദേശിച്ചു. വിമാനത്തിലെയും കാരവാനിലെയും ശൗചാലയങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ  ജില്ലയില്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ശൗചാലയങ്ങള്‍ ശുചീകരിക്കുന്നതിന് ആവശ്യമായ പണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നോ, അതില്ലാത്ത പക്ഷം പ്ലാന്‍ ഫണ്ടില്‍ നിന്നോ ചെലവഴിക്കാമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷനു കീഴിലുള്ള 49 പദ്ധതികളില്‍ 36 എണ്ണവും പ്രവര്‍ത്തനം പുനരാരംഭിച്ചതായി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഒന്‍പത് പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണി മൂന്നു ദിവസത്തിനുള്ളില്‍ തീര്‍ക്കും. നാല് പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണിക്കു സമയം എടുക്കും. പമ്പയിലെ പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. തിരുവല്ല ഡിവിഷനു കീഴിലുള്ള 15 കുടിവെള്ള പദ്ധതികളും പ്രവര്‍ത്തനം പുനരാരംഭിച്ചു. കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിന് ആറന്മുള, റാന്നി എന്നിവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി പ്രത്യേക സംവിധാനം ഒരുക്കി.
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനുള്ള ഫോം സൗജന്യമായി നല്‍കും. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് എഫ്‌ഐആറിന്റെ ആവശ്യമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രളയബാധിതര്‍ക്ക് ഓരോ കാര്‍ഡിനും അഞ്ചു കിലോഗ്രാം അരി വീതം സൗജന്യമായി വിതരണം ചെയ്തു വരുകയാണ്. 25877 പേര്‍ക്ക് ഇതുവരെ സൗജന്യ അരി നല്‍കി. റേഷന്‍ വിതരണം ഈമാസം എട്ടു വരെ നീട്ടിയിട്ടുണ്ട്. അമിതവില ഈടാക്കുക, സാധനങ്ങള്‍ പൂഴ്്ത്തിവയ്ക്കുക തുടങ്ങിയവ തടയുന്നതിന് ശനിയാഴ്ച 111 പരിശോധനകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌ക്വാഡുകള്‍ ജില്ലയില്‍ നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 1041 പരിശോധനകള്‍ നടത്തുകയും 84 കേസ് എടുക്കുകയും ചെയ്തു.
പ്രളയബാധിതരായവരുടെ പട്ടിക ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ നല്‍കുന്ന വിവരം പരിഗണിച്ചു തയാറാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ക്യാമ്പുകളില്‍ താമസിച്ചവരേയും വീടുകളോ മറ്റ് സ്ഥലങ്ങളോ ക്യാമ്പുകളാക്കി താമസിച്ചവരേയും പരിഗണിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രളയത്തില്‍ കൃഷി വകുപ്പിന്റെ 16 ഓഫീസുകളും രണ്ടു ഫാമുകളും നശിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പ്രളയബാധിതരായ കര്‍ഷകര്‍ക്ക് പുതിയ കൃഷി ഇറക്കുന്നതിനാവശ്യമായ വിത്തും വളവും നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. മണ്‍ചിറകള്‍ പുനര്‍നിര്‍മിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കല്ലടയാര്‍, പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയുടെ തിട്ട ഇടിയുന്നുണ്ടെന്നും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ പറഞ്ഞു. കോയിപ്രം, നെല്ലിക്കല്‍, പൂവത്തൂര്‍ എന്നിവിടങ്ങളില്‍ ആറിന്റെ തിട്ട ഇടിയുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. മോഷണങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ പോലീസിന് നിര്‍ദേശം നല്‍കി. കോളനികള്‍ ഉള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 69 കളക്ഷന്‍ യാര്‍ഡുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രളയത്തിന് ഇരയാവരെ സഹായിക്കുന്നതിന് ബാങ്കുകള്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങണമെന്ന് യോഗം നിര്‍ദേശിച്ചു. റാന്നി ടൗണില്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് ചേത്തയ്ക്കല്‍, പ്ലാങ്കമണ്‍, ഉതിമൂട് എന്നിവടങ്ങളിലെ ശാഖകളില്‍ എത്തി ഇടപാട് നടത്തുന്നതിന് സംവിധാനം ഒരുക്കിയതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കായി പ്രത്യേക അക്കൗണ്ടുകള്‍ തുറന്നു നല്‍കും. ഇതിന്  ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ഫോട്ടോ പതിച്ച കത്ത് ഹാജരാക്കിയാല്‍ മതിയാകുമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, സുബ്രതാ വിശ്വാസ് ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് (3) ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.