ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസവകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് കോടി ചെലവിലാണ് കെട്ടിട നിർമാണം. നിലവിൽ അഞ്ചരക്കോടി രൂപ ചെലവിൽ ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിന് ടെണ്ടർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. അതിനു പുറമെയാണ് ഇപ്പോൾ 2 കോടി രൂപ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.
സമഗ്രമായ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ. മൂവായിരത്തിലേറെ കുട്ടികളാണ് ദേവധാർ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലുള്ളത്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായി ഹയർ സെക്കൻഡറി ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചതാണ്. സ്കൂളിൽ 2.45 കോടി ചെലവിൽ സിന്തറ്റിക് ടർഫ്, മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് എന്നിവ നിർമിക്കാനുള്ള ഭരണാനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
ലോകോത്തരനിലവാരത്തിലുള്ള പഠനാന്തരീക്ഷം, ഹൈടെക് ക്ലാസ്മുറികള്‍, വീഡിയോ കോണ്‍ഫറന്‍സിങ്ഹാള്‍, മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയം, ആധുനിക പാചകപ്പുര, വിശാലമായ കളിസ്ഥലം, ഇന്‍ഡോര്‍സ്റ്റേഡിയം, ജൈവവൈവിധ്യ പാര്‍ക്ക്, ഔഷധോദ്യാനം, നീന്തല്‍ക്കുളം, ശില്‍പ്പ ചാരുതയാര്‍ന്ന പഠിപ്പുര, വ്യത്തിയുള്ള ടോയ്‌ലറ്റ് സമുച്ചയങ്ങള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വികസന മാസ്റ്റര്‍പ്ലാന്‍.