ദ്വിദിന മാർഗഴി മഹോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് രാജൻ ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. (ഡോ) എം വി നാരായണൻ, കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി, കലാക്ഷേത്ര ഭരണസമിതി അംഗങ്ങളായ പി ടി നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം പ്രഥമ വൈസ് ചാൻസലർ ഡോ. കെ ജി പൗലോസ്, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. പി വേണു ഗോപാൽ, എന്നിവർ സന്നിഹിതരായിരുന്നു. വിവിധയിടങ്ങളിൽ നിന്നും എത്തിചേർന്ന കലാസ്നേഹികൾ , കലാക്ഷേത്രയിലെയും കലാമണ്ഡലത്തിലെയും അദ്ധ്യാപകർ , വിദ്യാർഥി(നി)കൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ കൂത്തമ്പലത്തെ സമ്പന്നമാക്കി.

 

മാർഗഴി മഹോത്സവം രണ്ടാം ദിന പരിപാടികൾ ഗുരുവായൂർ ഭജന മണ്ഡലിയുടെ ഭജന, ശ്രീ ജികെ പ്രകാശിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. തുടർന്ന്

“പണ്ഡിറ്റ്‌ കുഷാൽ ദാസിന്റെ” സിത്താർ കച്ചേരിക്ക് തബലയിൽ “പണ്ഡിറ്റ്‌ രാംകുമാർ മിശ്ര ” അകമ്പടിയേകി.

ഉത്തരേന്ത്യൻ നൃത്തമായ കഥക് ബഹുമുഖപ്രതിഭയായ വിധ ലാൽ അവതരിപ്പിച്ചു. പുതുമയും പ്രയോഗ ചാതുര്യവും നിറഞ്ഞ അവതരണശൈലിയാൽ വിധാ ലാലിന്റെ കഥക് ശ്രദ്ധേയമായി. അവധൂത് ഗാന്ധിയും സംഘവും അവതരിപ്പിച്ച മഹാരാഷ്ട്ര നാടോടി ഗാനങ്ങൾ നാമസങ്കീർത്തനത്തോടെയാണ് ആരംഭിച്ചത്. “സുന്ദരതെ ധ്യാന” എന്ന് തുടങ്ങുന്ന അഭംഗിന്റെ

ഉച്ചസ്ഥായിയിലുള്ള ആലാപനവും

ജയ ജയ വിഡോഭരക് നാമസങ്കീർത്തനം ശ്രോതാക്കളെക്കൊണ്ട് പ്രത്യേകിച്ച് വിദ്യാർഥികളെക്കൊണ്ട് ഏറ്റു പാടിച്ചത് പുതുമയുള്ള അനുഭവമായി. ഡോ.സുനന്ദ നായരുടെ മോഹിനിയാട്ട

കച്ചേരി നാട്ട കുറിഞ്ഞി രാഗത്തിലും താളമാലികയിലും ആരംഭിക്കുന്ന ഗണപതി സ്തുതിയോടെയാണ് തുടങ്ങിയത്. കൃഷ്ണന്റെ ലീലകളെക്കുറിച്ച് പ്രതിപാദിക്കുന്ന മധുരാഷ്ടകവും കുബ്ജയുടെ അവതരണവും ആവിഷ്കാരത്തിന് മിഴിവേകി. അശ്വത്ത് നാരായണന്റെ സംഗീതകച്ചേരിക്ക് സായി രക്ഷിത് വയലിനിലും

സുമേഷ് നാരായണൻ മൃദംഗത്തിലും അകമ്പടിയേകി.

 

കാംബോജി അടതാള വർണ്ണത്തോടു കൂടി ആരംഭിച്ച കച്ചേരി,

സംഗീതത്തിൻ്റെ മഹത്വം വ്യക്തമാക്കുന്ന, ജഗൻമോഹിനി രാഗത്തിലുള്ള ത്യാഗരാജ കൃതിയായ ശോഭില്ലു സപ്തസ്വര എന്ന കൃതിയും അതിലെ ചിട്ടസ്വരം പാടിയതും വ്യത്യസ്തമാക്കി.

ശുഭപന്തുവരാളിയിലുള്ള പ്രസിദ്ധ ദീക്ഷിതർ കൃതി ശ്രീ സത്യനാരായണം ആണ് പിന്നീട് പാടിയത്.

ശേഷം പ്രധാന ഇനമായി നളിനകാന്തി രാഗവും താനവും, ആലപിച്ചത് വളരെ ഹൃദ്യമായിരുന്നു.

തുടർന്ന് രാഗമുദ്ര കാണിച്ചുള്ള ‘ നളിനകാന്തീമതി നാദസ്വരൂപിണി ദേവി ‘ എന്നുള്ള തിശ്രത്രിപുട താളത്തിലുള്ള ‘പല്ലവി’യും അതിമനോഹരമായി ശ്രീ അശ്വത്ത് നാരായണനും സംഘവും അവതരിപ്പിച്ചു. കലാക്ഷേത്രയുടെ തനത് നൃത്ത നാടക രംഗാവിഷ്കാരമായ ചൂഢാമണി പ്രദാനം സദസ്യർക്ക് നവ്യാനുഭവമായി. ഇതോടെ രണ്ട് നാൾ നീണ്ടുനിന്ന രംഗകലാവൈവിധ്യത്തിന് സമാപനമായി.