കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതിക്ക് പാഞ്ഞാളിൽ തുടക്കമായി. 25.67 ലക്ഷം രൂപ ചെലവിട്ട് പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടറിൽ വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പട്ടികജാതി പട്ടികവർഗ്ഗ – ദേവസ്വം – പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

കാർഷികമേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ കർഷകർക്ക് തന്നെ ഏറ്റെടുക്കാവുന്ന തരത്തിൽ ആസൂത്രണം ചെയ്യണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച ഉത്പാദനം കാഴ്ചവെക്കുന്ന കർഷകരെ ആദരിക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും വേണം. കാർഷിക രംഗത്തെ ആധുനികവത്കരണം കൃഷി വ്യാപിപ്പിക്കുന്നതിനു അത്യന്താപേക്ഷിതമാണ്. തെങ്ങില്നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർക്കാവണമെന്നും മന്ത്രി പറഞ്ഞു.

കേരകൃഷിയുടെ വ്യാപനവും പുനരുജ്ജീവനവും, ഉൽപ്പാദനക്ഷമത വർദ്ധന, സമ്പൂർണ്ണ രോഗ കീട നിയന്ത്രണം, ഇടവിള കൃഷിയുടെ പ്രചാരണം, ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക, കേരത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള പ്രോത്സാഹനം, ആയാസരഹിതമായ വിളവെടുപ്പിന് നൂതന തെങ്ങുകയറ്റ ഉപകരണങ്ങളുടെ പ്രചാരണം, കാർഷിക മേഖലയിൽ തൊഴിൽ സൃഷ്ടിക്കൽ. എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ടീച്ചർ, വൈസ് പ്രസിഡൻറ് പി കൃഷ്ണൻകുട്ടി, ജനപ്രതിനിധികളായ നിർമ്മല രവികുമാർ, രമണി ടി വി, ഉണ്ണികൃഷ്ണൻ എ കെ, ശ്രീജ കെ, ഉഷ കെ, പി പി മുസ്തഫ, കെ വി പ്രകാശ്, രാമദാസ് കാരാത്ത്, രാജശ്രീ കെ കെ, സതീഷ് കുമാർ, അശ്വതി കെ, ലത ടി, പാടശേഖര സമിതി പ്രസിഡൻറ് എൻ എസ് ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീബ ജോർജ്, ജനപ്രതിനിധികൾ, കർഷകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൃഷി ഓഫിസർ ദിപിൻ എം എൻ സ്വാഗതവും കേരഗ്രാമം പ്രസിഡൻറ് പി പരമേശ്വരൻ നന്ദിയും രേഖപ്പെടുത്തി.