മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തില്‍ രേവതി നാള്‍ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കൊട്ടാരം കുടുംബാഗങ്ങള്‍ക്ക് അശുദ്ധിയായതിനാല്‍ ആചാരപരമായ ഒരു ചടങ്ങുകളും കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്താനായില്ല. വലിയ തമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടന്‍തന്നെ ക്ഷേത്രം അടച്ച് ദര്‍ശനത്തിനായി വെച്ചിരുന്ന ആഭരണങ്ങള്‍ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കള്‍ പെട്ടിയിലാക്കി ക്ഷേത്രത്തിന് പുറത്തേക്കെടുത്തു. ഘോഷയാത്ര ഒരുമണിക്ക് തന്നെ പുറപ്പെട്ടു. സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നു.

പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം ശനിയാഴ്ച വൈകുന്നേരമാണ് ശബരിമലയിലെത്തിച്ചേരുന്നത്. സന്ധ്യയില്‍ ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോയത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ സുരക്ഷിത മുറി തുറന്ന് ആഭരണപ്പെട്ടികള്‍ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘവും കര്‍പ്പൂരാഴിയുടെ അകമ്പടിയില്‍ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ ശ്രീകോവിലിനു മുമ്പില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുവെച്ചു.

ക്ഷേത്രത്തിനു പുറത്തേക്കെടുത്ത് ദേവസ്വം ഓഫീസില്‍ സൂക്ഷിച്ച പ്രധാന പെട്ടി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയും രണ്ടാമത്തെ പെട്ടി മരുതമനയില്‍ ശിവന്‍പിള്ളയും മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെട്ടു.

കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം ആദ്യ ദിവസം വിശ്രമിച്ചു. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാംദിവസം ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണങ്ങള്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തും. ശബരിമലയില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും അശുദ്ധികാരണം ഇത്തവണ ഉണ്ടാകില്ല.

പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റ് എം സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസും, ബോംബ് സ്‌ക്വാഡും തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ., ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. ജീവന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വി.എസ്. ശ്രീകുമാര്‍, പത്തനംതിട്ട എഡിഎം ബി. രാധാകൃഷ്ണന്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എംഎല്‍എമാരായ എ. പത്മകുമാര്‍, കെ.കെ. ഷാജു, മാലേത്ത് സരളാദേവി, പന്തളം നഗരസഭ ചെയര്‍പേഴ്‌സണല്‍ സുശീല സന്തോഷ്, അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍
തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍ സന്നിഹിതരായിരുന്നു.