മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഒ.ആർ. കേളു എം.എൽ.എ പ്രകാശനം ചെയ്തു. കനിവ് സഞ്ചരിക്കുന്ന ആതുരാലയം, മൊബൈൽ വെറ്ററിനറി ക്ലിനിക്, ഗ്രാമ വണ്ടി എന്നിവ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ട പദ്ധതികളാണെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
വൈദ്യസഹായം വാതിൽപ്പടിയിൽ ലഭ്യമാക്കുന്ന 42 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള കനിവ് പദ്ധതിയിൽ 3500 ൽ അധികം പേർ ഗുണഭോക്താക്കളാണ്. 20.50 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്റെ സേവനം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും ക്ഷീരകർഷകർക്ക് ലഭിക്കുന്നുണ്ട്. നല്ലൂർനാട് ക്യാൻസർ സെന്ററിൽ 5 ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ക്ഷീര കർഷകർക്ക് പാലിന് പ്രോത്സാഹന വിലയായി 82 ലക്ഷം രൂപ, പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് വിദ്യാവാഹിനിക്ക് 49 ലക്ഷം രൂപ, നെൽകർഷകർക്ക് സബ്സിഡി ഇനത്തിൽ 25.20 ലക്ഷം രൂപ, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് 8.50 ലക്ഷം രൂപ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. വായനശാലകളുടെ ഡിജിറ്റലൈസേഷൻ പദ്ധതി ഈ മാസം തന്നെ തുടങ്ങും.
കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ഗ്രാമ വണ്ടി എന്ന ആശയം ജില്ലയിൽ ആദ്യമായി നടപ്പാക്കിയ തദ്ദേശ സ്ഥാപനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ്.
ഭിന്നശേഷി വിഭാഗക്കാർക്കായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് നൈപുണ്യ പരിശീലനം നൽകാൻ എടവക പഞ്ചായത്തിലെ മൂളിത്തോട് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് കടന്നു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിഹിതം പൂർണ്ണമായും ഗ്രാമ പഞ്ചായത്തുകൾക്ക് നൽകിയ വിവരങ്ങളും പ്രോഗ്രസ് കാർഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ജുനൈദ് കൈപ്പാണി, വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.വി വിജോൾ, ജോയ്സി ഷാജു, പി. കല്യാണി, ഡിവിഷൻ മെമ്പർമാരായ പി.കെ അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, വി. ബാലൻ, ബി.എം വിമല, സൽമ മൊയിൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.പി ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.