*സ്റ്റേറ്റ് കണ്ട്രോള് റൂം: 18001231454, 0471 2300155
*ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കണ്ട്രോള് റൂം: 1800 425 1077
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സജീവ ഇടപെടല്‍ നടത്തുകയാണ് ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂമുകള്‍. സ്റ്റേറ്റ് കണ്ട്രോള് റൂം, ജില്ലാ കണ്ട്രോള് റൂമുകള്‍ എന്നിവയ്ക്കു പുറമെ സത്വര നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ് സ്റ്റേറ്റ് കണ്ട്രോള് റൂം. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും അന്തിമ ഏകോപനം ഇവിടെയാണ് നടക്കുന്നത്. ദിവസവും നിരവധി കോളുകളാണ് കണ്ട്രോള് റൂമുകളില്‍ ലഭിക്കുന്നത്. ഓരോ കോളുകളും വിലയിരുത്തി നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സന്നദ്ധ സേവനത്തിനും സംഭാവനയ്ക്കുമായാണ് (13.53% + 13.34%) ഏറ്റവുമധികം കോളുകള്‍ വരുന്നത്. ക്ലോറിനേഷന് (16.82%), പരിസരം ശുചിയാക്കല്‍ (12.76%), രോഗ പ്രതിരോധവും കുത്തിവയ്പ്പും (9.47%), മാലിന്യനിര്‍മ്മാര്‍ജനം (6.18%), ആരോഗ്യം, മാനസികാരോഗ്യം, ബ്ലീച്ചിംഗ് പൗഡറിന്റെ ലഭ്യത, ജീവനക്കാരുടെ ലഭ്യത, സേവനങ്ങളുടെ ലഭ്യത തുടങ്ങിയ മറ്റ് അനുബന്ധ മേഖലകളുടെ സംശയങ്ങളും പരാതികളും (27.9%) എന്നിങ്ങനെയാണ് കോളുകള്‍ വരുന്നത്.
നിലവില്‍ എലിപ്പനിയുമായി ബന്ധപ്പെട്ട് നിരവധി പേര് കണ്ട്രോള് റൂമിലേക്ക് വിളിക്കുന്നുണ്ട്. പ്രതിരോധ മരുന്ന് നല്‍കിയിട്ടും കഴിക്കാതിരുന്നവര്‍ സംശയ നിവാരണത്തിനായി വിളിക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്കാന് ഡോക്ടര്‍മാരുടെ ഒരു പാനലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ 50 അംഗ സംഘമാണ് കണ്ട്രോള് റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ വിഭാഗവും ഇതോടൊപ്പമുണ്ട്. വാട്സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളില്‍ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും നടപടികളെടുക്കുന്നു. മാധ്യമ നിരീക്ഷണ വിഭാഗത്തില്‍ നോഡല്‍ ഓഫീസര്‍മാരായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരും ഇ-ഹെല്‍ത്തില്‍ നിന്നുള്ള എട്ടു ജീവനക്കാരും ആറ് സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു. 6282986880, 6282983626 എന്നീ വാട്സ്ആപ് നമ്പരുകളിലൂടെ ആരോഗ്യ സംബന്ധമായ പരാതികള്‍, പ്രശ്നങ്ങള്‍, അന്വേഷണങ്ങള്‍, സംശയങ്ങള്‍ എന്നിവ അറിയിക്കാം.
പ്രളയബാധിത പ്രദേശങ്ങളിലെ പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തയാറാക്കിയ ഓണ്‍ ലൈന്‍ ടൂള്‍ കിറ്റിന് (http://bit.ly/cdreporting ) നല്ല പ്രതികരണമാണ് ലഭിച്ചത്. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ലിങ്ക് വഴി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാവരും ഈ സേവനം ഉപയോഗിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകൂയെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.