തീരപ്രദേശങ്ങളില്‍ അപകടത്തില്‍പ്പെടുന്നവരെ അതിവേഗത്തില്‍ രക്ഷപ്പെടുത്താന്‍ വൈക്കത്ത് ജല ആംബുലന്‍സ്. ജലഗതാഗത വകുപ്പിന്റെ നിരവധി സജ്ജീകരണങ്ങളോടെയുള്ള റസ്ക്യു ആന്‍ഡ് ഡൈവ് എന്ന് പേരുള്ള ജല ആംബുലന്‍സാണ് വൈക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും വൈക്കത്തിന്റെ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇനി ആംബുലന്‍സിന്റെ സഹായം ലഭ്യമാകും. ജില്ലയില്‍ ആദ്യമായാണ് ജല ആംബുലന്‍സിന്റെ സേവനം ലഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ജല ആംബുലന്‍സ് ആണ് ഉള്ളത്. റസ്ക്യു ആന്‍ഡ് ഡൈവ് ആര് 4 എന്ന ജല ആംബുലന്‍സാണ് വൈക്കത്തുള്ളത്. ആലപ്പുഴ എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റ് ജല ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ജല ഗതാഗത വകുപ്പാണ് ജല ആബുലന്‍സ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ജോലിക്കാരാണ് ജല ആംബുലന്‍സിലുള്ളത്. ജോലിക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങ് നല്‍കിയിട്ടുണ്ട്. പതിനാറ് യാത്രക്കാരെയും ഈ ബോട്ടില്‍ കയറ്റാം. ജീവന് രക്ഷാ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലണ്ടര്‍, സ്ട്രച്ചര്‍, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ ജല ആംബുലന്‍സിലുണ്ട്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കുട്ടനാട് മേഖലയില്‍ ജല ആംബുലന്‍സ് പ്രവര്‍ത്തിച്ചിരുന്നു. നിരവധി രോഗികളെയും ആളുകളെയുമാണ് ജല ആംബുലന്‍സിന്റെ സഹായത്തോടെ കരയില്‍ എത്തിച്ചത്. 108 ആംബുലന്‍സുമായി സഹകരിച്ചാണ് ജല ആംബുലന്‍സ് പ്രവര്‍ത്തിച്ചിരുന്നത്.
