പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ട്രാന്‍ഡ്‌ജെന്‍ഡേഴ്‌സിന് തൊഴിലധിഷ്ഠിത പരിശീലനപരിപാടി നടത്തി. യന്ത്രവത്കൃത തെങ്ങുകയറ്റവും കൂണ്‍കൃഷിയുടെ സാധ്യതകളും എന്നീ വിഷയങ്ങളിലാണ് പരിശീലന പരിപാടി ഒരുക്കിയത്. ഏഴ് പേരടങ്ങിയ സംഘമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ രണ്ട് പേര്‍ക്ക് തെങ്ങുകയറ്റയന്ത്രവും ഇന്‍ഷുറന്‍സ് രേഖയും വിതരണം ചെയ്തു. തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ജീവിതം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന ചിന്തയോടെയാണ് ഈ പരിശീലനത്തില്‍ പങ്കെടുത്തതെന്ന് അവര്‍ പറഞ്ഞു. കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ വിനോദ് മാത്യുവും അലക്‌സ് ജോണുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.