അലറിയടുക്കുന്ന മലവെള്ളപ്പാച്ചിലിനൊപ്പം പമ്പയിലൂടെ കുത്തിയൊഴുകിവരുന്ന മരങ്ങള്‍ രാമമൂര്‍ത്തി മണ്ഡപത്തിന്റെ തകരഷീറ്റുകളില്‍ ഇടിച്ച് ഉണ്ടാകുന്ന ഭീകരമായ ശബ്ദം. പമ്പാ മണല്‍പ്പുറത്തെ എല്ലാറ്റിനെയും ഗ്രസിച്ച് സംഹാരതാണ്ഡവമാടുന്ന പമ്പ. ഏതുപ്രളയത്തിലും മണല്‍പ്പുറത്തേക്ക് ഏതാനും അടി കയറി മാലിന്യങ്ങള്‍ നീക്കി കടന്നുപോകുന്ന പമ്പയുടെ രൂപവും ഭാവവും മാറിയപ്പോള്‍ അതിന് നേര്‍സാക്ഷ്യം വഹിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് പമ്പയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.വിജയന്‍. പ്രളയം രൗദ്രഭാവം  പൂണ്ട് പമ്പയെ തകര്‍ത്തെറിഞ്ഞ ദിവസങ്ങളില്‍ ഇവിടെയുണ്ടായിരുന്നത് പമ്പാ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ കെ.എസ്.വിജയനും സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാബുരാജും സുരേഷും ഉള്‍പ്പെടെ പതിനാലോളം പോലീസ് ഉദേ്യാഗസ്ഥരും വനം, ഫയര്‍ഫോഴ്‌സ് വകുപ്പുകളിലെ ഏതാനും ഉദേ്യാഗസ്ഥരും മാത്രം. മനോധൈര്യം വീടാതെ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മാസപൂജയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളായിട്ടും ഒരു മനുഷ്യജീവന്‍ പോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചത്.
ആഗസ്റ്റ് ഒമ്പത് മുതല്‍ ജലനിരപ്പ് ഉയരുന്നുണ്ടായിരുന്നു. 11ന് കര്‍ക്കിടകവാവിനോട് അനുബന്ധിച്ച് ധാരാളം ആളുകള്‍ ബലിതര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ പോലീസും ജില്ലാ ഭരണകൂടവും പുറപ്പെടുവിച്ച മുന്‍കരുതലകളുടെ അടിസ്ഥാനത്തില്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തി.പമ്പാ മണല്‍പ്പുറത്ത് വടം കെട്ടി തീര്‍ഥാടകരെ തടഞ്ഞു.  ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പയിലെ കടകളില്‍ നിന്നുള്ളവരെയും വിവിധ ജോലികള്‍ക്കായി എത്തിയിരുന്നവരെയും കര്‍ശന നിര്‍ദേശം നല്‍കി ഒഴിപ്പിച്ച് മറുകരയിലെത്തിച്ചു. ആഗസ്റ്റ് 13ന് ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ ശബരിമല യാത്ര ഒഴിവാക്കാന്‍ ദേവസ്വംബോര്‍ഡ് പ്രത്യേക അഭ്യര്‍ഥന നടത്തുകയും പമ്പയില്‍ അതീവജാഗ്രതാനിര്‍ദേശത്തിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹും ജില്ലാ പോലീസ് മേധാവി ടി.നാരായണനും നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ പോലീസുകാരുടെ സംഘം ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യജീവനുകള്‍ രക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളുമായി മുന്നിട്ടിറങ്ങി. ത്രിവേണി പാലം മുങ്ങുന്നതിനു മുമ്പുതന്നെ ആളുകളെ മറുകരയിലെത്തിച്ച് സുരക്ഷി ത് സ്ഥാനത്തേക്ക് മാറ്റുവാന്‍  കഴിഞ്ഞത് വലിയ ആശ്വാസമായി. നാല് പോലീസ് വാഹനങ്ങളിലായി ആയിരത്തോളം ആളുകളെയാണ് നിലയ്ക്കലേക്ക് ദ്രുതഗതിയില്‍ മാറ്റിയത്. ഈ തീരുമാനമാണ് മഹാപ്രളയത്തിലും പമ്പയില്‍ ഒരു മനുഷ്യജീവനും നഷ്ടപ്പെടാതിരുന്നതിന്റെ കാരണം.
പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തിന്റെ തൂണുകളില്‍ ഓരോന്നിലായി ഒഴുകിവന്ന തടികള്‍ ഇടിച്ച് മണ്ഡപം തകര്‍ന്നതും ടോയ്‌ലറ്റ് കോംപ്ലക്‌സുകളില്‍ രണ്ടെണ്ണം നിലംപൊത്തിയതും നിര്‍നിമേഷരായി നോക്കിനില്‍ക്കേണ്ടിവന്നെങ്കിലും അതിനുള്ളില്‍ ആരുമില്ലെന്ന തിരിച്ചറിവ് അല്‍പ്പം ആശ്വാസം പകര്‍ന്നതായി കെ.എസ്.വിജയന്‍ പറഞ്ഞു.  ആഗസ്റ്റ് 11 മുതല്‍ അനുസ്യൂതം ഉയര്‍ന്നുവന്ന ജലനിരപ്പ് 16ഓടെ അതിന്റെ പാരമ്യത്തിലെത്തി. തീര്‍ഥാടകര്‍ക്ക് തണലേകിയിരുന്ന നടപ്പന്തലിന്റെ ഒരുഭാഗം നേരത്തേ പൊളിച്ചുമാറ്റിയിരുന്നു. അവശേഷിക്കുന്ന ഭാഗത്തെ പ്രളയജലം വിഴുങ്ങിയപ്പോള്‍ ഇതും തകര്‍ന്നുവീണു. പമ്പാ മണല്‍പ്പുറത്തെ കെട്ടിടങ്ങളുടെ തൂണുകളുടെ ഇടയിലൂടെ വന്‍മരങ്ങള്‍ ഞെരിഞ്ഞമര്‍ന്ന് കടന്നുപോകുന്നതും ഇതിനിടയില്‍ ചില കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതും ഒരു ഹോളിവുഡ് സിനിമയിലേതുപോലെ കണ്‍മുന്നില്‍ കാണേണ്ടിവന്നു. വൈദ്യുതി തൂണുകളും ഹൈമാസ്റ്റ് ലൈറ്റുകളും ഉള്‍പ്പെടെ എല്ലാം പ്രളയത്തില്‍ കടപുഴകിയപ്പോള്‍ രാത്രികളില്‍ പമ്പ അതിന്റെ വന്യഭാവങ്ങളെ വീണ്ടെടുത്ത് ഒഴുകുന്നതുപോലെ തോന്നി.
ആഗസ്റ്റ് 15ന് ഉച്ചയോടെ മൊബൈല്‍ ഉള്‍പ്പെടെ എല്ലാ ഫോണ്‍ ബന്ധങ്ങളും തകരാറിയലായി. പിന്നീട് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം പോലീസിന്റെ വയര്‍ലെസ് സംവിധാനമായിരുന്നു. വയര്‍ലെസ് സെറ്റിലേക്ക് സഹായം അഭ്യര്‍ഥനകളുടെ പ്രവാഹമായിരുന്നു. മിക്കതും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണമെന്ന ഉറ്റവരുടെ അഭ്യര്‍ഥനകള്‍. പോലീസിന്റെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ വീടുകളിലും വെള്ളം കയറിയിരുന്നു. ഉറ്റവരുടെ സ്ഥിതി എന്താണെന്നറിയാത്ത അവസ്ഥയിലും മനോധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ആര്‍ക്കും തന്നെ വീടുകളുമായി ബന്ധപ്പെടാനുള്ള മാര്‍സമുണ്ടായിരുന്നില്ല. പോലീസിന്റെ വയര്‍ലെസ് സെറ്റിലൂടെ ഉറ്റവരെ രക്ഷപ്പെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ചപ്പോഴാണ് പല ര്‍ക്കും ആശ്വാസമായത്. ആഗസ്റ്റ് 16ന് മാസപൂജയ്ക്ക് നട തുറക്കാനിരിക്കെ തീര്‍ഥാടകരുടെ വന്‍പ്രവാഹമാണ് ശബരിമലയിലേക്ക് ഉണ്ടാകേണ്ടിയിരുന്നത്. പ്രത്യേകിച്ചും ചിങ്ങമാസമായതിനാല്‍ തീര്‍ഥാടകരുടെ എണ്ണം വളരെ കൂടുതലാകേണ്ടതാണ്. സാധാരണ മാസങ്ങളില്‍പ്പോലും ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍ മാസപൂജയ്ക്ക് എത്താറുണ്ട്. എന്നാല്‍      സര്‍ക്കാരും ദേവസ്വംബോര്‍ഡും പോലീസും നല്‍കിയ മുന്നറിയിപ്പുകള്‍ തീര്‍ഥാടകരുടെ വരവ് കുറച്ചതിനാല്‍വലിയ ഒരു ദുരന്തം ഒഴിവായി. ളാഹ മുതല്‍ ചാലക്കയം വരെയുള്ള ഭാ ഗങ്ങളില്‍ ഇടവിട്ട് വന്‍മരങ്ങള്‍ റോഡിലേക്ക് കടപുഴകിയ അവസ്ഥയുണ്ടായി. ഒരു തവണ നിലയ്‌ക്കേലേക്ക് പോയാല്‍ തിരികെ വരുമ്പോഴേക്കും റോഡില്‍ നിറയെ മരങ്ങളായിരിക്കും. വനം വകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്  ഇവ വെട്ടിമാറ്റുന്നതോടെ മാത്രമേ തിരികെ എത്താന്‍ കഴിഞ്ഞുള്ളൂ. ഇത്രയും അപകടകരമായ ഒരു സാഹചര്യത്തി ല്‍ തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടിരുന്നുവെങ്കി ല്‍ മിക്കവാഹനങ്ങളും ളാഹ മുതല്‍ ചാലക്കയം വരെയുള്ള ഭാ ഗങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങി വന്‍ ദുരന്തത്തിന് വഴിവച്ചേനെ.
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എന്നിവര്‍ 13ന് വൈകുന്നേരം പമ്പയിലെത്തി അടിയന്തര സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. 14ന് ജലനിരപ്പ് അതേരീതിയില്‍ തുടര്‍ന്നു. 15ന് ഉച്ചയോടെ ത്രിവേണി പാലം പൂര്‍ണമായും ജലത്തില്‍ മുങ്ങി. ഇതോടെ മറുകരയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. അയ്യപ്പസേവാസംഘത്തിന്റെ മൂന്ന് പേര്‍ ഒഴികെ എല്ലാവരെയും 15ന് രാത്രിക്ക് മുമ്പ് പമ്പയുടെ മറുകരയിലെത്തിക്കാന്‍ കഴിഞ്ഞതു മൂലം ആളപായമുണ്ടായില്ല.
 പമ്പയുടെ മറുകരയില്‍ പിന്നീട് ഉണ്ടായിരുന്നത് അയ്യപ്പസേവാസംഘത്തിന്റെ മൂന്ന് വാളണ്ടിയര്‍മാരാണ്. പമ്പയില്‍ കുടുങ്ങിയ അയ്യപ്പസേവാസംഘത്തിന്റെ മൂന്ന് വാളണ്ടിയര്‍മാരെ ആഗസ്റ്റ് 25നാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്‌സിന്റെ ഡിങ്കിയില്‍ ഫയര്‍ഫോഴ്‌സ് ഉദേ്യാഗസ്ഥരുടെ സഹായത്തോടെ തിരുവോണദിനമായ 25നാണ് ഇവരെ രക്ഷപ്പെടുത്തി ഹില്‍ടോപ്പിലെത്തിച്ചത്.  ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വ ത്തില്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പമ്പയ്ക്ക് കുറുകെ വടം കെട്ടി ഡിങ്കിയിലൂടെ ഇവരെ രക്ഷപ്പെടുത്തിയത്.  ആഗസ്റ്റ് 10 മുതല്‍ പമ്പയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത 15ഓളം പോലീസുകാര്‍ പമ്പയ്ക്ക് പുറത്തേക്ക് പോയത് 26നാണ്. ഇത്രയും ദിവസം പൂര്‍ണമായും പമ്പയില്‍ ഇവര്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. ചാലക്കയം-നിലയ്ക്കല്‍ റോഡില്‍ മിക്കസ്ഥലത്തും വന്‍മരങ്ങള്‍ കടപുഴകി വീഴുകയും റോഡുകള്‍ തകരുകയും ചെയ്തതതോടെ പമ്പയിലേക്ക് റോഡ് മാര്‍ഗമു ള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നു. 15ന് ശേഷം പുറത്തുനിന്നും ആര്‍ക്കും പമ്പയിലേക്ക് എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രളയം അതിന്റെ സംഹാരതാണ്ഡവമാടിയ ദിനങ്ങളില്‍ പമ്പയുടെ തീരത്ത് എല്ലാത്തിനും സാക്ഷിയാകേണ്ടിവന്നത് പോലീസിലെയും വനും വകുപ്പിലെയും ഫയര്‍ഫോഴ്‌സിലെയും ഏതാനും ഉദേ്യാഗസ്ഥര്‍ മാത്രമാണ്.