ചെങ്ങന്നൂർ:ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പെൻഷൻ ഭവന് സമീപം പ്രവർത്തിച്ചിരുന്ന സജിചെറിയാൻ എം.എൽ.എയുടെ ഓഫീസ് താത്കാലികമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസിന് സമീപത്തെ ട്രഷറി കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇവിടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും പത്ത് സന്നദ്ധ സേവകരും രാവിലെ 7.30 മുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. വീടും പരിസരവും വൃത്തിയാക്കൽ, പ്ലമ്പിംഗ്, ഇലക്ട്രിഫിക്കേഷൻ, കിണർ ശുചീകരണം തുടങ്ങിയ ജോലികൾക്ക് ഇവിടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരെയാണ് വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിക്കുക. എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന്,കുപ്പിവെള്ളം മറ്റ് ഔഷധങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇവിടെ നിന്നും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
