സാമൂഹികനീതിവകുപ്പ് പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ സംവിധാനകളുടെ ഭാഗമായി നടപ്പിലാക്കുന്ന ജീവനം പദ്ധതി കുറ്റകൃത്യത്തിന് ഇരയായവര്‍ക്ക് ആശ്വാസമേകുമെന്ന് ഉപദേശക സമിതി യോഗം വിലയിരുത്തി. കുറ്റകൃത്യത്തിനിരയായി ഗുരുതരമായി പരിക്ക് പറ്റിയവര്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ ധനസഹായമായി ഇരുപതിനായിരം രൂപ അനുവദിക്കുന്ന പദ്ധതിയാണ് ജീവനം.
കുറ്റകൃത്യത്തിന് ഇരയായി ഗുരുതരമായി പരിക്കുപറ്റിയവരോ മരണപ്പെട്ടവരുടെ ആശ്രിതരോ ആയ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വ്യക്തികള്‍ക്കാണ് പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നത്. സാമ്പത്തിക സഹായം ലഭിക്കുന്നതിന് കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. കുറ്റകൃത്യത്തിനിരയായി അഞ്ച് വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല് ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ ഉപദേശക സമിതിയുടെ അംഗീകാരത്തോടെയാണ് തുക അനുവദിക്കുക. അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. എഫ് ഐ ആറിന്റെ പകര്‍പ്പ്, അപേക്ഷിക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സിര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, പ്രോജക്റ്റ് പ്രൊപ്പോസല്‍ എന്നിവ അനുബന്ധ രേഖയായി സമര്‍പ്പിക്കണം.
ജീവനം പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും പ്രൊബേഷന്‍ ഉപദേശക സമിതി നിര്‍ദ്ദേശം നല്കി. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ഉപദേശക സമിതിയിലെ ഔദ്യോഗിക അംഗങ്ങളായ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്മാന് മുജീബ് കേയംതൊടി, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ. ബാലഗംഗാധരന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.